മലപ്പുറം- തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കേന്ദ്രങ്ങൾ ശക്തമായി തന്നെ നിൽക്കുകയാണെന്നും യു.ഡി.എഫിന് എതിരാളികൾ കൊട്ടിഘോഷിക്കുന്നതു പോലെയുള്ള കോട്ടമൊന്നും തട്ടിയിട്ടില്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. ഇന്നലെ പാണക്കാട് ചേർന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലം വിശദമായി അവലോകനം ചെയ്യുമ്പോൾ മുസ്‌ലിം ലീഗിന്റെ സ്വാധീന മേഖലയിൽ ഒരു പ്രശ്നവും നേരിട്ടിട്ടില്ലെന്നാണ് തെളിയുന്നത്. യു.ഡി.എഫും നല്ല പ്രകടനം കാഴ്ച്ചവെച്ച സ്ഥലങ്ങളുമുണ്ട്. എന്നാൽ സംസ്ഥാനമൊട്ടാകെ വിശകലനം ചെയ്യുമ്പോൾ മുന്നണിയിൽ വിശദമായ ചർച്ച ആവശ്യമാണെന്നാണ് മനസ്സിലാക്കുന്നത്. കോൺഗ്രസുമായും ഘടകകക്ഷികളുമായും ചർച്ചകൾ നടക്കണം. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. പാർലമെന്റിൽ 20 ൽ 19 സീറ്റും നേടിയ മുന്നണിയാണിത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബി.ജെ.പി കുറെ വോട്ടുപിടിക്കുന്നതായി തെരഞ്ഞെടുപ്പിൽ കാണുന്നു. അത് ആരെ ബാധിക്കുന്നു എന്നുള്ളതാണ് പ്രശ്നം. യു.ഡി.എഫിന് ഒരു ക്ഷീണവുമില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വോട്ടുകൾ ഇടതിനാണ് ക്ഷീണമുണ്ടാക്കിയത്.
കേരളത്തിൽ തുടർ ഭരണമല്ല വേണ്ടതെന്നും യു.ഡി.എഫ് ആണ് ഇനി കേരളം ഭരിക്കേണ്ടത് എന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള അജണ്ടയും പ്രവർത്തനങ്ങളുമെല്ലാം യു.ഡി.എഫ് ആവിഷ്‌കരിക്കേണ്ടതുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല പ്രവർത്തനം കാഴ്ചവെക്കാൻ യു.ഡി.എഫിനാകും. നല്ല ആത്മവിശ്വാസം പാർട്ടിക്കുണ്ട്. വൻ വിജയം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.