Sorry, you need to enable JavaScript to visit this website.

ഗെയിൽ: സി.പി.എം പ്രാദേശിക നേതൃത്വം പ്രതിസന്ധിയിൽ 

കോഴിക്കോട്- ഗെയിൽ വാതകക്കുഴൽ പദ്ധതിക്കെതിരെയുള്ള സമരക്കാരെ പോലീസ് കൈകാര്യം ചെയ്തതും ഇതിനെ സർക്കാറും സി.പി.എമ്മും ന്യായീകരിച്ചതും മേഖലയിൽ സി.പി.എം പ്രാദേശിക നേതൃത്വത്തെ പ്രയാസത്തിലാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വരെ സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നവരാണ് സി.പി.എമ്മുകാർ. പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ ആദ്യം വന്ന പ്രസ്താവനകളിലൊന്ന് ഗെയ്ൽ പദ്ധതി പൂർത്തീകരിക്കുമെന്നാണ്. ഈ സന്ദേശം ലഭിച്ചതോടെ നേതാക്കൾ സമരത്തിൽനിന്ന് പിൻമാറിയെങ്കിലും പ്രാദേശിക പ്രവർത്തകർ സമരത്തിൽ തുടർന്നു.  മുക്കം ഉൾക്കൊള്ളുന്ന തിരുവമ്പാടി മണ്ഡലം എം.എൽ.എ. ജോർജ് എം.തോമസ് സമരത്തിന് പിന്തുണ നൽകിയ ആളാണ്. മുക്കം മുനിസിപ്പാലിറ്റിയിലും കൊടിയത്തൂർ പഞ്ചായത്തിലും വെൽഫയർ പാർട്ടിയുമായി സഹകരിച്ചാണ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ സി.പി.എം മത്സരിച്ചത്. ഇപ്പോൾ വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്.
ഈ പ്രദേശത്തെ സി.പി.എം. ഭരണത്തിലിരിക്കുന്ന മിക്ക പഞ്ചായത്ത് ഭരണസമിതികളും വാതകക്കുഴൽ പദ്ധതിക്കെതിരെ പ്രമേയം അംഗീകരിച്ചിട്ടുണ്ട്. കാരശ്ശേരി പഞ്ചായത്തിൽ അംഗീകരിച്ച പ്രമേയത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷയിൽ പ്രമേയം കാണാനില്ലെന്നാണ് അറിയിച്ചത്. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിന്റെ നേതൃത്വത്തിൽ എറണാകുളത്ത് ഗെയിൽ പദ്ധതിക്കെതിരെ നടത്തിയ പരിപാടികളുടെ നോട്ടീസുകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 
കേരളത്തിന്റെ ഊർജ്ജ വികസനരംഗത്ത് വലിയ സംഭാവനകൾ നൽകാൻ കഴിയുന്ന വ്യവസായ വികസന പദ്ധതിയായ ഗെയ്‌ലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തിൽ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് പകരം യു.ഡി.എഫും കോൺഗ്രസ് ലീഗ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പോലീസ് സ്റ്റേഷൻ ഉപരോധിക്കാനെത്തിയെന്നത് ഗൗരവാവഹമായ പ്രശ്‌നമായിതന്നെ ജനാധിപത്യമതനിരപേക്ഷ ശക്തികൾ കാണണമെന്ന സി.പി.എം ജില്ലാ കമ്മിറ്റിയുടെ പ്രമേയം മാധ്യമങ്ങളിൽ വലിയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. 
ഫാസിസ്റ്റ് ശക്തികൾക്കെതിരെ വലിയ പ്രചാരണം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന സി.പി.എം. ഒരു പ്രദേശത്തെ ജനങ്ങൾ നടത്തിയ സമരത്തെ തകർക്കാൻ തീവ്രവാദ മുദ്ര കുത്തുന്നുവെന്ന ആക്ഷേപമാണ് ഉയർന്നത്. 
യു.ഡി.എഫ് ഈ പദ്ധതിയെ അനുകൂലിക്കുകയും നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും പ്രാദേശികമായ എതിർപ്പു മൂലം സ്തംഭിക്കുകയായിരുന്നു. സംസ്ഥാന തലത്തിൽ പാർട്ടി നേതാക്കൾ പദ്ധതിയോട് യോജിക്കുമ്പോഴും പ്രാദേശിക നേതാക്കൾ എതിർക്കുകയായിരുന്നു. 
ദേശീയ പാത വികസനത്തിനും ഇതേ അവസ്ഥയാണ് ഉണ്ടായിരുന്നത്. സി.പി.എം കൂടി എതിർപ്പുകാരുടെ കൂടെ നിൽക്കുന്നുവെന്നതായിരുന്നു മുൻ സർക്കാറിന്റെ കാലത്തെ അവസ്ഥ.
 

Latest News