Sorry, you need to enable JavaScript to visit this website.

അക്കൗണ്ടിംഗ് നിയമ ലംഘനങ്ങൾക്ക് അഞ്ചു ലക്ഷം റിയാൽ വരെ പിഴ

ദമാം - അക്കൗണ്ടിംഗ് മേഖലയിലെ നിയമ ലംഘനങ്ങൾക്ക് കൂടുതൽ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം രണ്ടാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് സെക്രട്ടറി ജനറൽ ഡോ. അഹ്മദ് അൽമഗാമിസ്. അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ ലംഘനത്തിന് അഞ്ചു ലക്ഷം റിയാൽ വരെ പിഴയാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ വാണിംഗ് നോട്ടീസും ഒരു വർഷത്തിൽ കവിയാത്ത കാലത്തേക്ക് സസ്‌പെൻഷനും ലഭിക്കും. നിയമ ലംഘനം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും. 
തെറ്റായ കണക്കുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ടുകളിൽ ഒപ്പുവെക്കൽ പോലെ ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്ന നിയമ ലംഘനങ്ങൾ കരുതിക്കൂട്ടി നടത്തുന്നവർക്ക് അഞ്ചു വർഷം വരെ തടവും 20 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റുമാരുടെ പ്രവർത്തന ഗുണമേന്മ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പാക്കുന്നതെന്നും ഡോ. അഹ്മദ് അൽമഗാമിസ് പറഞ്ഞു. 

Latest News