സൈനിക യൂനിഫോമിനെ കുറിച്ച് അനാവശ്യ ചര്‍ച്ച; രഹുലും നേതാക്കളും ഇറങ്ങിപ്പോയി

ന്യൂദല്‍ഹി- പ്രതിരോധ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതി യോഗം കാര്യത്തിലേക്ക് കടക്കാതെ സമയം പാഴാക്കുന്നു എന്നാരോപിച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് എം.പിമാര്‍ ഇറങ്ങിപ്പോയി. രാജ്യസുരക്ഷ ഉറപ്പു വരുത്തി ലഡാക്കില്‍ ഉള്‍പ്പെടെ രാജ്യത്തിന് വേണ്ടി പ്രതിരോധിച്ചു നില്‍ക്കുന്ന സൈനികരെ എങ്ങനെ കൂടുതല്‍ സുസജ്ജരാക്കാം എന്നതിന് പുറമെ യൂനിഫോം മാറ്റുന്നത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു സമയം കളഞ്ഞതാണ് രാഹുലിനെ ചൊടിപ്പിച്ചത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍നിന്നാണ് രാഹുല്‍ ഇറങ്ങിപ്പോയത്. രാജീവ് സത്തവ്, രേവന്ത് റെഡ്ഡി എന്നിവരാണ് രാഹുലിനൊപ്പം യോഗം ബഹിഷ്‌കരിച്ച മറ്റു കോണ്‍ഗ്രസ് എം.പിമാര്‍.     
യോഗത്തില്‍ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുടെ വിഷയം ഉന്നയിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചത്. എന്നാല്‍ സൈനിക യൂനിഫോം സംബന്ധിച്ചു ചര്‍ച്ച നീണ്ടുപോകുകയായിരുന്നു. യൂനിഫോം സംബന്ധിച്ച വിഷയത്തില്‍ ഉന്നത സൈനിക ഓഫീസര്‍മാര്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും അതിര്‍ത്തിയിലെ സൈനികരെക്കുറിച്ചു സംസാരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമിതി അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ജുവല്‍ ഓറം ഇതിന് അനുമതി നിഷേധിച്ചു. അതോടെയാണ് രാഹുല്‍ ഇറങ്ങിപ്പോയത്.
രാഷ്ട്രീയ നേതൃത്വം രാജ്യസുരക്ഷയെക്കുറിച്ചും ചൈനക്കെതിരേ ലഡാക്കില്‍ ചെറുത്തു നില്‍ക്കുന്ന സൈനികരെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുമാണ് സംസാരിക്കേണ്ടതെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിനൊപ്പം തന്നെ മറ്റു കോണ്‍ഗ്രസ് എം.പിമാരെയും സംസാരിക്കാന്‍ സമിതി അധ്യക്ഷനായ ജുവല്‍ ഓറം സമ്മതിച്ചില്ല.
യോഗത്തില്‍ ഹരിയാനയില്‍നിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭാ എം.പിയും മുന്‍ ലെഫ്. ജനറലുമായ പോള്‍ വാട്‌സ് ആണ് സൈനികരുടെ യൂനിഫോം മാറ്റുന്നത് സംബന്ധിച്ച വിഷയം ഉന്നയിച്ചത്. വിവിധ റാങ്കുകളിലുള്ളവരെ തിരിച്ചറിയുന്ന വിധത്തില്‍ യൂനിഫോമില്‍ മാറ്റം വരുത്തണം എന്നതായിരുന്നു ആവശ്യം. എന്നാല്‍ രാഷ്ട്രീയക്കാര്‍ സൈനികരുടെ യൂനിഫോം മാറ്റുന്ന വിഷയങ്ങളൊക്കെ ചര്‍ച്ച ചെയ്യേണ്ട കാര്യമുണ്ടോ എന്നു ചോദിച്ചായിരുന്നു രാഹുലിന്റെ ഇടപെടല്‍. ഇത്തരം കാര്യങ്ങള്‍ സൈന്യത്തിന് തന്നെ വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം യോഗത്തില്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ പങ്കെടുത്ത ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തും അമേരിക്കയില്‍ ഉള്‍പ്പെടെ സൈനികര്‍ക്കിടയില്‍ റാങ്ക് വ്യത്യാസത്തിന് അനുസരിച്ച് യൂനിഫോമിലുള്ള മാറ്റത്തെക്കുറിച്ചാണ് സംസാരിച്ചത്.

 

Latest News