കര്‍ഷകര്‍ നേരിടുന്ന അനീതിയില്‍ പ്രതിഷേധിച്ച് സിഖ് പുരോഹിതന്‍ ആത്മഹത്യ ചെയ്തു

ന്യൂദല്‍ഹി- ദല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനിടെ ഹരിയാനയില്‍ നിന്നുള്ള സിഖ് പുരോഹിതന്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയായി ജീവന്‍ ബലിനല്‍കുകയാണെന്നും കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന അനീതിയില്‍ വേദനയുണ്ടെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് ലഭിച്ചു. 65കാരനായ ബാബ രാം സിങാണ് മരിച്ചത്. 21 ദിവസം പിന്നിട്ട് സമരത്തിന്റെ പ്രഭവ കേന്ദ്രമായ സിഘു അതിര്‍ത്തിക്കു സമീപം ദല്‍ഹി-സോനിപത് അതിര്‍ത്തിയായ കുണ്ഡ്‌ലിയിലാണ് പുരോഹിതന്‍ ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ചയാണ് ഇദ്ദേഹം സമരത്തിനൊപ്പം ചേര്‍ന്നത്. 'അവകാശങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടി കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തില്‍ വേദനയുണ്ട്. സര്‍ക്കാര്‍ അവരോട് നീതി കാണിക്കാത്തതിനാല്‍ ഞാനും അവരുടെ വേദന പങ്കിടുന്നു. അനീതി കൊണ്ട് ഉപദ്രവിക്കുന്നത് പാപമാണ്. അനീതി സഹിക്കുന്നതും ഒരു പാപമാണ്. കര്‍ഷകരെ പിന്തുണയ്ക്കാന്‍ ചിലര്‍ അവാര്‍ഡുകള്‍ സര്‍ക്കാരിനു തിരികെ നല്‍കി, ഞാന്‍ സ്വയം ബലി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു,' കുറിപ്പില്‍ പറയുന്നു.

കാറിനകത്തിരുന്ന് സ്വയം വെടിവച്ചാണ് ബാബ രാം സിങ് ആത്മഹത്യ ചെയ്തതെന്ന് സോനിപത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശ്യാം ലാല്‍ പൂനിയ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌ക്കാരം വെള്ളിയാഴ്ച കര്‍ണലില്‍ നടക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞു. 

ഭാരതീയ കിസാന്‍ യൂണിയല്‍ ഹരിയാന അധ്യക്ഷന്‍ ഗുരുനാം സിങ് ചര്‍ഹുണിയെ ബാബ രാം സിങ് കഴിഞ്ഞ ദിവസം കാണുകയും കര്‍ഷകര്‍ക്കും സര്‍ക്കാരിനുമിടയിലുള്ള പ്രതിസന്ധിയില്‍ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.

പുരോഹിതന്റെ ആത്മഹത്യയെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷപ്രതികരണവുമായി വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. മോഡി സര്‍ക്കാര്‍ ക്രൂരതയുടെ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബിര്‍ സിങ് ബാദലും സര്‍ക്കാരിനെതിരെ പ്രതികരിച്ചു. 

Latest News