ദമാം - കേരളത്തിൽ ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയുടെ തിളക്കമാർന്ന വിജയത്തിൽ ഇടതു പ്രവാസി സംഘടനകൾ ആവേശത്തിലാണെങ്കിലും തദ്ദേശ ഫലത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ഇടതനുകൂല സംഘടനകളുടെ വിവിധ യൂനിറ്റ് കേന്ദ്രങ്ങളിലും ദമാമിലും ജുബൈലിലും അൽകോബാറിലുമായി നിരവധി ലേബർ ക്യാമ്പുകളിലും മധുരം വിളമ്പിയാണ് ആഹ്ലാദം പങ്കിട്ടത്.
കെ.പി മുഹമ്മദ്കുട്ടി (സൗദി കെ.എം.സി.സി), ജലീൽ (ജിദ്ദ കെ.എം.സി.സി), നുഅ്മാൻ (ജിദ്ദ നവോദയ), കെ.കെ നൗഷാദ് (ജിദ്ദ നവോദയ), ബഷീർ അരീക്കാട്ട് (ജിദ്ദ നവോദയ), റഷീദ് വാളപ്ര (ജിദ്ദ ഒ.ഐ.സി.സി), ഷാഹുൽ കുന്നിക്കോട് (മക്ക കെ.എം.സി.സി) തുടങ്ങിയവർ വിജയിച്ച പ്രവാസികളിൽ ചിലരാണ്.
കേരള സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികൾക്കും ജനോപകരമായ പ്രവർത്തനങ്ങൾക്കും ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പു ഫലമെന്ന് ദമാം ലെഫ്റ്റ് മൂവ്‌മെന്റ് ഓഫ് ഇന്ത്യ ഭാരവാഹികളായ ഹാരിസ് പയ്യന്നൂർ, റിയാസ് എരുമപ്പെട്ടി, അനീസ് മഞ്ചേരി, എന്നിവർ വാർത്താ കുറിപ്പിൽ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ മത നിരപേക്ഷ സംസ്‌ക്കാരത്തെ വെല്ലുവിളിച്ച് ആർ.എസ്.എസുമായും ജമാഅത്തെ ഇസലാമിയുമായും പോപ്പുലർ ഫ്രണ്ടുമായും യു.ഡി.എഫ് നടത്തിയ അവിഹിത കൂട്ടുകെട്ടിനുള്ള ചുട്ട മറുപടിയാണ് കേരളത്തിലെ ജനങ്ങൾ ബാലറ്റിലൂടെ നൽകിയതെന്നും ഇത് വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നറിയിപ്പാണെന്നും ഇവർ വാർത്താ കുറിപ്പിൽ അറിയിച്ചു. ഇടതു സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനും ജനപക്ഷത്തു നിന്ന് കൊണ്ടുള്ള വികസന പദ്ധതികളെ തുരങ്കം വെക്കുന്നതിനും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പിയും യു.ഡി.എഫും നടത്തിയ കുത്സിത ശ്രമങ്ങളുടെ മുനയൊടിക്കുന്ന ജനവിധിയാണ് ഇപ്പോൾ പുറത്തു വന്നതെന്നും അന്തസ്സുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും സ്ഥാനം ഒഴിയണമെന്നും ഇവർ ആവശ്യപ്പെട്ടു.
കേരളത്തിലെ ജനതയുടെ വികസന സ്വപ്‌നങ്ങൾക്ക് ചിറകു നൽകിയ ഇടതു സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഉദ്ബുദ്ധരായ വോട്ടർമാർ നൽകിയ മധുര സമ്മാനമാണ് ഈ തെരഞ്ഞെടുപ്പു വിജയമെന്ന് എ.കെ.ജി പ്രവാസി സഖാക്കൾ നവമാധ്യമ കൂട്ടായ്മ അഡ്മിൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പ്രവാസികൾക്ക് ഇത്രയേറെ ആനുകൂല്യങ്ങൾ നൽകിയ ഒരു സർക്കാരിനെതിരെ നിരന്തരമായ കള്ള പ്രചാരണങ്ങൾ കൊണ്ട് തകർക്കാം എന്ന എതിരാളികളുടെ വ്യാമോഹമാണ് ഈ തെരഞ്ഞെടുപ്പു ഫലത്തോടെ ഇല്ലതായതെന്നും ഇവർ പുറത്തിറക്കിയ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. പ്രകൃതി ദുരന്തങ്ങൾ കൊണ്ടും കോവിഡ് മൂലവും ദുരിതത്തിലായ കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിടാതെ അവരുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും സംരക്ഷിച്ചും കൂടെ നിന്നു പ്രവർത്തിച്ച ഇടതു സർക്കാരിനെ വർഗീയ വാദികളുടെ കൂടെ കൂടി ഇകഴ്ത്താനുള്ള ശ്രമത്തെയാണ് കേരളത്തിലെ ജനങ്ങൾ ബാലറ്റിലൂടെ പുറന്തള്ളിയതെന്നും ഭാരവാഹികളായ പ്രാണേഷ് കുന്നപ്പള്ളി, ഹാഷിം ആനമങ്ങാട്, എൻ.പി രാജൻ ചെറുകര എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.