കൊല്ലം - കൊല്ലം കോർപറേഷൻ ഭരണം നിലനിർത്തി അഞ്ചാമതും ഭരണത്തിലെത്തി ഇടതുമുന്നണി. നാലു സീറ്റുകൾ അധികമായി നേടിയാണ് ഇടതുമുന്നണി ഭരണത്തിലേറുന്നത്. കോർപറേഷന് ഭരണസമിതിക്ക് എതിരെ ശക്തമായ പ്രചാരണവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തുണ്ടായിരുന്നെങ്കിലും 55 സീറ്റിൽ പകുതിയേലേറെ സീറ്റുമായി ഇടതുമുന്നണി മുന്നിലെത്തിയത്.
പ്രതിപക്ഷനിരയിൽ മുമ്പുണ്ടായിരുന്ന 16 പേർ ഇത്തവണ ഒമ്പതായി ചുരുങ്ങുകയാണ്. രണ്ടു പേരുണ്ടായിരുന്ന എൻ.ഡി.എ ഇത്തവണ ആറു പേരായി ഉയർന്നിട്ടുണ്ട്.
ഇടതു മുന്നണിക്ക് മേൽക്കോയമ ഉണ്ടായിരുന്ന ആശ്രാമം, ഉളിയക്കോവല്, കടപ്പാക്കട, മങ്ങാട് എന്നിവയും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്ന പാലത്തറയും ഇത്തവണ എൻ.ഡി.എയ്‌ക്കൊപ്പം നിന്നു. എന്നാല് കഴിഞ്ഞ തവണ ജയിച്ച തിരുമുല്ലാവാരം താമരയെ കൈവിട്ടു. കോണ്ഗ്രസിനാണ് ഏറെ നഷ്ടം.
കഴിഞ്ഞതവണ വിജയിച്ച നീരാവിൽ, കുരീപ്പുഴ, കോയിക്കൽ, കിളികൊല്ലൂർ, കന്റോണ്മെന്റ്, ഉദയമാർത്താണ്ഡപുരം, താമരക്കുളം, തങ്കശ്ശേരി, ഉദയമാര്ത്താണ്ഡപുരം, പാലത്തറ ഡിവിഷനുകളില് കോണ്ഗ്രസിന് തിരിച്ചടി നേരിട്ടു. വടക്കേവിള, മുണ്ടയ്ക്കല്, കൊല്ലൂർവിള, തെക്കുംഭാഗം ഡിവിഷനുകൾ കോണ്ഗ്രസ് നേടി. പോർട്ട്, മരുത്തടി സീറ്റുകള് നിലനിർത്തി. അതേസമയം ആർ.എസ്.പിക്ക് പള്ളിമുക്ക് ഡിവിഷന് നഷ്ടമായി. അഞ്ചാലുംമൂട്, മതിലില്, ശക്തികുളങ്ങര സീറ്റുകൾ നിലനിർത്തുകയും ചെയ്തു.
കുരീപ്പുഴ വെസ്റ്റിൽ മത്സരിച്ച ഫോർവേർഡ് ബ്ലോക്ക്, അറുനൂറ്റിമംഗലത്ത് മത്സരിച്ച കേരള കോൺഗ്രസ് (ജേക്കബ്) എന്നിവ പരാജയപ്പെട്ടു. കാവനാട്, കടവൂര്, വടക്കുംഭാഗം, പള്ളിത്തോട്ടം. ഉദയമാർത്താണ്ഡപുരം, കല്ലുംതാഴം, പുന്തലത്താഴം, വാളത്തുംഗല്, ഭരണിക്കാവ്, കിളികൊല്ലൂർ ഡിവിഷനുകളിൽ വിജയം നിലനിർത്തിയ സി.പി.ഐക്ക് മങ്ങാട്, ഉളിയക്കോവിൽ, കടപ്പാക്കട, വടക്കേവിള, ഡിവിഷനുകളിൽ തോൽവി നേരിടേണ്ടി വന്നു. ചാത്തിനാംകുളം ഡിവിഷനിൽ ഇത്തവണയും എസ്.ഡി.പി.ഐക്ക് അനുകൂലമായിരുന്നു ജനവിധി. കഴിഞ്ഞതവണ നേടിയ ഏഴ് വോട്ടിന്റെ ഭൂരിപക്ഷം ഉയർത്തുകയും ചെയ്തു. ഇടത് ഘടകകക്ഷികളായ, ശക്തികുളങ്ങരയിൽ മത്സരിച്ച ലോക് താന്ത്രിക് ജനതാദൾ, അഞ്ചാലുംമൂട്ടിൽ മത്സരിച്ച ആർ.എസ്.പി (എൽ), പോർട്ടിൽ മത്സരിച്ച കേരള കോൺഗ്രസ് (എം), കൊല്ലൂർവിളയില് മത്സരിച്ച ഐ.എൻ.എല്ലിനും വിജയിക്കാനായില്ല.