കൊച്ചി - മെട്രോ നഗരമായ കൊച്ചി കോർപറേഷനിൽ അടിതെറ്റി യു.ഡി.എഫ്. ആർക്കും ഭൂരിപക്ഷ മില്ലാത്ത കോർപറേഷനിൽ 34 സീറ്റുമായി എൽ.ഡി.എഫ് വലിയ കക്ഷി. 74 ഡിവിഷനുകൾ ഉള്ള കൊച്ചി കോർപറേഷനിൽ 38 സീറ്റുകളാണ് കേവലം ഭൂരിപക്ഷത്തിന് വേണ്ടത് എന്നാൽ കഴിഞ്ഞ രണ്ടു തവണയായി കൊച്ചി കോർപറേഷൻ ഭരിച്ചിരുന്ന യു.ഡി.എഫിന് 31 സീറ്റുകൾ മാത്രമാണ് ഇത്തവണ നേടാൻ സാധിച്ചത്. ഇതിൽ കലൂർ സൗത്ത് ഡിവിഷനിൽ ടോസിലൂടെയാണ് യു.ഡി.എഫ് വിജയിച്ചത്.
എൽ.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാർഥികൾ തുല്യ വോട്ടുകൾ നേടിയതോടെയാണ് ടോസിലൂടെ വിജയിയെ തീരുമാനിച്ചത്. ഇവിടെയും യു.ഡി.എഫിന് തലവേദനയായത് കോൺഗ്രസ് വിമത സ്ഥാനാർഥിയായിരുന്നു. 34 സീറ്റുകൾ എൽ.ഡി.എഫ് നേടിയപ്പോൾ കഴിഞ്ഞ തവണ രണ്ടിടത്ത് മാത്രം ജയിച്ച എൻ.ഡി.എ ഇത്തവണ അഞ്ചിടത്ത് വിജയിച്ചു. നാലു വിമത സ്ഥാനാർഥികളും വിജയിച്ചിട്ടുണ്ട്. ഇതിൽ മൂന്നു പേർ യു.ഡി.എഫ് വിമതരും ഒരാൾ എൽ.ഡി.എഫ് വിമതനുമാണ്. വിമതർ ആർക്കൊപ്പമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഏതു മുന്നണി ഭരിക്കുമെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.
യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥിയായിരുന്ന മുൻ ജി.സി.ഡി.എ ചെയർമാൻ കൂടിയായിരുന്ന എൻ. വേണുഗോപാലിന്റെ പരാജയം യു.ഡി.എഫിന് കനത്ത ആഘാതമാണ് ഏൽപിച്ചത്. കോർപറേഷനിലെ ഏറ്റവും ചെറിയ ഡിവിഷനായ ഐലന്റ് നോർത്തിൽ മത്സരിച്ച വേണുഗോപാൽ എൻ.ഡി.എ സ്ഥാനാർഥി പത്മകുമാരിയോട് ഒരു വോട്ടിനാണ് പരാജയപ്പെട്ടത്. വിമത സ്ഥാനാർഥിയുടെ സാന്നിധ്യമാണ് ഇവിടെ വേണുഗോപാലിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായിരുന്ന കോൺഗ്രസിന്റെ കെ.ആർ. പ്രേം കുമാറും ഇത്തവണ തോറ്റു.
നിലവിൽ സാഹചര്യത്തിൽ എൽ.ഡി.എഫ് തന്നെയായിരിക്കും ഭരിക്കുകയെന്നാണ് സൂചന. വിമതരുടെ പിന്തുണ എൽ.ഡി.എഫിന് ലഭിച്ചേക്കുമെന്നാണ് വിവരം. എൻ.ഡി.എ ഇടതുവിരുദ്ധ നിലപാട് എടുക്കുന്നില്ലെങ്കിൽ ഒരു വിമതന്റെ പിന്തുണ ലഭിച്ചാൽ തന്നെ എൽ.ഡി.എഫിന് ഭരണത്തിലെത്താൻ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കെ.ആർ. അനിൽകുമാർ ആയിരിക്കും എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർഥി.
എൽ.ഡി.എഫ് തന്നെ അധികാരത്തിൽ എത്തുമെന്ന് മുന്നണിയുടെ മേയർ സ്ഥാനാർത്ഥി എം. അനിൽകുമാർ പറഞ്ഞു. ഭരിക്കാനുള്ള ഭൂരിപക്ഷം ഇതിനോടകം മുന്നണി കരസ്ഥമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ യു.ഡി.എഫ് ഭരണം നിലനിർത്തുമെന്ന് യു.ഡി.എഫിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഹൈബി ഈഡൻ എം.പി പറയുന്നത്. എന്നാൽ ഇതിന് എൻ.ഡി.എ സ്ഥാനാർഥികളും റിബലുകളും യു.ഡി.എഫിനെ ഒരുമിച്ച് പിന്തുണക്കേണ്ടതുണ്ട്. യു.ഡി.എഫിന് മേയർ സ്ഥാനാർഥിയായിരുന്ന എൻ. വേണുഗോപാൽ തോറ്റതോടെ യു.ഡി.എഫ് ഭൂരിപക്ഷമുറപ്പിച്ചാൽ ദീപ്തി മേരി വർഗീസിനാണ് സാധ്യത. ദീപ്തിയും ഐ ഗ്രൂപ്പ് നോമിനിയാണ്.