പാലക്കാട് - ജില്ലയിൽ ഇടതുമുന്നണിയുടെ പടയോട്ടം. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും ഇടതുതരംഗം പ്രകടമായി. 30 അംഗ ജില്ലാ പഞ്ചായത്തിൽ 27 സീറ്റും നേടിയ ഇടതുമുന്നണി ആകെയുള്ള 13 ബ്ലോക്ക് പഞ്ചായത്തുകളിൽ 11 ലും അധികാരം നിലനിർത്തി. 88 നഗരസഭകളിൽ 61 ഉം ഇടത്തോട്ട് ചാഞ്ഞു.
ആകെയുള്ള ഏഴ് നഗരസഭകളിൽ മൂന്നെണ്ണത്തിൽ എൽ.ഡി.എഫും ഒന്നിൽ ബി.െജ.പിയും അധികാരമുറപ്പിച്ചു. മറ്റു മൂന്നെണ്ണം തൂക്കു സഭകളാണെെങ്കിലും രണ്ടിടത്ത് ഇടതുമുന്നണിക്കും ഒരിടത്ത് യു.ഡി.എഫിനും മുൻതൂക്കമുണ്ട്.
2015 ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ യു.ഡി.എഫിന് ജില്ലയിൽ കൂടുതൽ ക്ഷീണമാണ് ഉണ്ടായിരിക്കുന്നത് എന്ന് പറയാം. എട്ട് ഗ്രാമപ്പഞ്ചായത്തുകൾ കൂടുതലായി ലഭിച്ചുവെങ്കിലും പരമ്പരാഗത ശക്തിേകന്ദ്രങ്ങളായ മൂന്ന് നഗരസഭകൾ ഇടതുമുന്നണി പിടിച്ചെടുത്തത് യു.ഡി.എഫിന് വലിയ തിരിച്ചടിയായി. ജില്ലാ പഞ്ചായത്തിൽ മൂന്നിടത്താണ് 2015 ൽ യു.ഡി.എഫ് വിജയിച്ചിരുന്നത്. അതിൽ കൊടുവായൂർ, കാഞ്ഞിരപ്പുഴ ഡിവിഷനുകൾ ഇക്കുറി ഇടത്തോട്ട് ചാഞ്ഞു.
തിരുവേഗപ്പുറ നിലനിർത്തിയ യു.ഡി.എഫ് മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളായ അലനെല്ലൂർ, തെങ്കര ഡിവിഷനുകൾ തിരിച്ചു പിടിച്ചു. ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യത്തിൽ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. 2015 ലെ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തുകളിൽ മാത്രമാണ് യു.ഡി.എഫ് വിജയിച്ചിരുന്നത്. ഇക്കുറിയും അവ യു.ഡി.എഫിനൊപ്പമാണ്. മറ്റെല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും എൽ.ഡി.എഫ് അധികാരത്തിൽ തുടരും.
ഗ്രാമപ്പഞ്ചായത്തുകളുടെ കാര്യത്തിൽ നില അൽപം മെച്ചപ്പെടുത്താനായതാണ് വലിയ തിരിച്ചടിക്കിടയിലും യു.ഡി.എഫിന് ആശ്വാസം പകരുന്ന ഘടകം. ആെകയുള്ള 88 ഗ്രാമപ്പഞ്ചായത്തുകളിൽ 61 എണ്ണത്തിൽ ഇടതുമുന്നണിയും 25 എണ്ണത്തിൽ ഐക്യമുന്നണിയും അധികാരം പിടിച്ചു. രണ്ടെണ്ണത്തിൽ ആർക്കും ഭൂരിപക്ഷമില്ല. 2015 ൽ 17 എണ്ണമേ യു.ഡി.എഫിന് ലഭിച്ചിരുന്നുള്ളൂ.
ചില ഗ്രാമപ്പഞ്ചായത്തുകളിൽ എൻ.ഡി.എ കാഴ്ചവെച്ച മുന്നേറ്റം ശ്രദ്ധേയമായി. അകത്തേത്തറ, മലമ്പുഴ പഞ്ചായത്തുകളിൽ ശക്തമായ പ്രകടനമാണ് ബി.െജ.പി നടത്തിയത്.
പാലക്കാട് നഗരസഭാ ഭരണം നിലനിർത്തി. പട്ടാമ്പി, ചിറ്റൂർ- തത്തമംഗലം, ചെർപ്പുളമേശ്ശരി നഗരസഭകൾ യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. തൂക്കുസഭകളായ ഒറ്റപ്പാലം, ഷൊർണൂർ എന്നിവിടങ്ങളിലും എൽ.ഡി.എഫിനാണ് മേൽക്കയ്യ്. മണ്ണാർക്കാട് ആണ് യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ച ഏക നഗരസഭ.