ഇടുക്കി - രണ്ടുവട്ടം നഷ്ടമായ ജില്ലാ പഞ്ചായത്ത് അടക്കം പിടിച്ചെടുത്ത് ഇടുക്കിയിൽ എൽ.ഡി.എഫിന്റെ വൻ മുന്നേറ്റം. 16 ൽ 10 ഡിവിഷനുകൾ നേടിയാണ് മൂന്നാം തുടർ ഭരണം പ്രതീക്ഷിച്ചിരുന്ന യു.ഡി.എഫിന് ഇടതു മുന്നണി തടയിട്ടത്. എട്ടു ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്ന് മാത്രമുണ്ടായിരുന്ന എൽ.ഡി.എഫ് നാലെണ്ണം നേടി സമനില പിടിച്ചു. ജോസ് കെ. മാണി മുന്നണി വിട്ടപ്പോൾ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്ന കട്ടപ്പന നഗരസഭ നിലനിർത്തിയത് യു.ഡി.എഫിന് നേട്ടമായി. തൊടുപുഴ നഗരസഭയിൽ ഇത്തവണയും ആർക്കും കേവലഭൂരിപക്ഷമില്ല.
52 ൽ 27 ഗ്രാമപഞ്ചായത്തുകൾ ഭരിച്ചിരുന്ന എൽ.ഡി.എഫ് 25 ഗ്രാമപഞ്ചായത്തുകൾ നേടി. 11 നഗരസഭാ വാർഡുകളും 22 ഗ്രാമപഞ്ചായത്ത് വാർഡുകളുമുണ്ടായിരുന്ന ബി.ജെ.പി 10 നഗരസഭാ വാർഡുകളിലും 27 ഗ്രാമപഞ്ചായത്ത് വാർഡുകളിലും വിജയിച്ചെങ്കിലും ഉദ്ദേശിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. 2005 ൽ 16 ൽ 2 ജില്ലാ പഞ്ചായത്ത് സീറ്റ് മാത്രമുണ്ടായിരുന്ന യു.ഡി.എഫ് 2010 ൽ മുഴുവൻ സീറ്റുകളുമായി സമ്പൂർണാധിപത്യം നേടിയിരുന്നു. 2015 ൽ 16 ൽ 11 സീറ്റ് കൈയടക്കി ഭരണം തുടർന്ന യു.ഡി.എഫാണ് ഇത്തവണ ആറ് സീറ്റുമായി പ്രതിപക്ഷത്തിരിക്കേണ്ടി വരുന്നത്. നാല് ഡിവിഷനുകൾ പി.ജെ. ജോസഫ് വിഭാഗത്തിനും രണ്ട് സീറ്റ് കോൺഗ്രസിനും. അടിമാലി, ഇടുക്കി, ഇളംദേശം, തൊടുപുഴ ബ്ലോക്കുകൾ യു.ഡി.എഫും അഴുത, ദേവികുളം, കട്ടപ്പന, നെടുങ്കണ്ടം ബ്ലോക്കുകൾ എൽ.ഡി.എഫും നേടി. ഇടുക്കിയിൽ മുസ്‌ലിം ലീഗിന്റെ ഏക ബ്ലോക്ക് പഞ്ചായത്ത് സീറ്റായ തൊടുപുഴ ബ്ലോക്കിലെ ഇടവെട്ടി ഡിവിഷൻ സി.പി.ഐയിലെ ഇ.കെ അജിനാസ് പിടിച്ചെടുത്തു. 2015 ൽ 40 വാർഡൂകളിൽ മത്സരിച്ച് 28 സീറ്റുകൾ നേടിയ ലീഗിന് ഇത്തവണ 21 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരിച്ച മൂന്നു സീറ്റുകളിലും ലീഗ് തോറ്റതോടെ പതിറ്റാണ്ടുകളായി യു.ഡി.എഫ് കോട്ടയായിരുന്ന ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമായി.