മാരത്തോൺ ചർച്ചകൾ പരാജയം: ജിദ്ദ കെ.എം.സി.സി കമ്മിറ്റി ഇനിയുമായില്ല

ജിദ്ദ- കെ.എം.സി.സി ജിദ്ദ  സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ നാലംഗ സംഘം മാരത്തോൺ ചർച്ചകൾ നടത്തിയിട്ടും കമ്മിറ്റി രൂപീകരണം എങ്ങുമെത്തിയില്ല. ഇരു ചേരിയിലുമുള്ളവർ ഇനിയും വിട്ടുവീഴ്ചകൾക്കു തയാറാവാത്തതാണ് ചർച്ചകൾ അവസാനിപ്പിച്ച് നിരീക്ഷക സംഘത്തെ അവരവരുടെ കേന്ദ്രത്തിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചത്. എന്നാൽ ചർച്ച കഴിഞ്ഞിട്ടില്ലെന്നും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും താമസിയാതെ കമ്മിറ്റി രൂപീകരണം ഉണ്ടാകുമെന്നുമാണ് നീരീക്ഷക സംഘത്തിലെ ഒരംഗം പറഞ്ഞത്.  
ജിദ്ദ കമ്മിറ്റി രൂപീകരണത്തിൽ തനിക്ക് റോളില്ലെന്നും അതിനായി നാലംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവരത് നിർവഹിച്ചുകൊണ്ടിരിക്കുകയാണെന്നും മക്കയിലുള്ള മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളവർ ചർച്ചകൾക്കു ശേഷം റിപ്പോർട്ട് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കായിരിക്കും നൽകുക. തങ്ങളായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും ഉംറക്കെത്തിയ താനിപ്പോൾ ഇതിൽ ഇടപെടേണ്ടതില്ലെന്നും കെ.പി.എ മജീദ് മലയാളം ന്യൂസിനോട് പറഞ്ഞു. വെള്ളിയാഴ്ച കെ.പി.എ മജീദ് ജിദ്ദയിലുണ്ടായിരുന്നുവെങ്കിലും കെ.എം.സി.സിയുടെ നേതൃത്വത്തിലുള്ള പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. സാധാരണ ഗതിയിൽ നേതാക്കളെത്തിയാൽ സ്വീകരണം ഉണ്ടാവാറുള്ളതാണ്. അതിനിടെ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ഇന്നലെ മക്കയിലെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് സെൻട്രൽ കമ്മിറ്റി ചൊവ്വാഴ്ച സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഇവിടെയുള്ള ഇരു നേതാക്കളും കമ്മിറ്റി രൂപീകരണ ചർച്ചകളിൽ നേരിട്ട് ഇടപെടാനിടയില്ലെങ്കിലും ഇവരുടെ സാന്നിധ്യം കമ്മിറ്റി രൂപീകരണത്തിന് ആക്കം കൂട്ടിയേക്കും. ചർച്ചകൾ നടന്നു കൊണ്ടിരിക്കെ പി.കെ. ബഷീർ എം.എൽ.എയും ജിദ്ദയിൽ വന്ന് പോയിരുന്നു. 
കഴിഞ്ഞ മേയിൽ നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് കളമൊരുക്കി കൗൺസിലർമാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും ചേരിതിരിഞ്ഞ് പോരടിച്ച് രംഗം സംഘർഷ ഭരിതമായതോടെ തെരഞ്ഞെടുപ്പ് നടക്കാതെ പോവുകയായിരുന്നു. ഇതേത്തുടർന്ന് നിലവിലെ കമ്മിറ്റിക്ക് താൽക്കാലികമായി വീണ്ടും ചുമതല നൽകി എത്രയും വേഗം തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്ന് നിർദേശവും നൽകിയിരുന്നു. എന്നാൽ മാസം അഞ്ച് പിന്നിട്ടിട്ടും പുതിയ ഭാരവാഹികളെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിൽ ഇനിയും വൈകിപ്പിക്കരുതെന്ന മുന്നറിയിപ്പോടു കൂടിയാണ് കെ.എം.സി.സി നേതാക്കളായ അഷ്‌റഫ് വേങ്ങാട്ട്, ഹാഷിം എൻജിനീയർ, ഇബ്രാഹിം മുഹമ്മദ്, കുഞ്ഞുമോൻ കാക്കിയ എന്നിവരെ ചർച്ചകൾക്ക് സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത്. ഇവർ ജിദ്ദയിൽ ക്യാമ്പ് ചെയ്തു മാരത്തോൺ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് വീണ്ടും ചർച്ചകളാകാമെന്ന തീരുമാനത്തോടെ സംഘം മടങ്ങുകയായിരുന്നു. തെരഞ്ഞടുപ്പില്ലാതെ സമയവായത്തിലൂടെ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനാണ് സംസ്ഥാന നേതൃത്വത്തിനു താൽപര്യം. തെരഞ്ഞെടുപ്പിലേക്ക് പോയാൽ വീണ്ടും രംഗം വഷളാകുമെന്നതിനാൽ സമയവായം മതിയെന്ന നിലപാടു തന്നെയായിരുന്നു സംസ്ഥാന നേതൃത്വം നേരത്തെയും സ്വീകരിച്ചത്. ഇരു ചേരിയും ഇനിയും വിട്ടുവീഴ്ചകൾക്കു തയാറായില്ലെങ്കിൽ സംസ്ഥാന നേതൃത്വം ഇടപെട്ട് കമ്മിറ്റി പ്രഖ്യാപനം നടത്താനാണ് സാധ്യത. 
കെ.എം.സി.സിയുടെ ചരിത്രത്തിലാദ്യമായി ഏകീകൃത മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ സൗദി അറേബ്യ ഒട്ടാകെ സമാധാനപരമായി സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയപ്പോൾ ജിദ്ദയിൽ അത് കീറാമുട്ടിയായി മാറുകയായിരുന്നു. ജിദ്ദ സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പ് കൂടി പൂർത്തിയായാലേ നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താൻ കഴിയൂ. കഴിഞ്ഞ ഡിസംബറിൽ എല്ലാ കമ്മിറ്റികളും നിലവിൽ വന്ന് പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തിൽ എല്ലാ കമ്മിറ്റികളും പ്രവർത്തനം നടത്തേണ്ടതായിരുന്നു. എന്നാൽ ജിദ്ദ സെൻട്രൽ കമ്മിറ്റിയും നാഷണൽ കമ്മിറ്റിയും നിലവിൽ വരാത്തതിനാൽ പല കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇത് അണികളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. തങ്ങൾക്കിഷ്ടപ്പെട്ടവർക്ക് കമ്മിറ്റിയിൽ ഇടം കണ്ടെത്താൻ നടത്തിയ ശ്രമമാണ് മേയിൽ നടന്ന ജിദ്ദ കമ്മിറ്റി തെരഞ്ഞെടുപ്പ് ഏറ്റുമുട്ടലിൽ കലാശിക്കുന്നതിനും തെരഞ്ഞടുപ്പ് മുടങ്ങുന്നതിനും ഇടയാക്കിയത്. ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന 72 ഏരിയാ കമ്മിറ്റികളിൽനിന്നായി 397 കൗൺസിലർമാർക്കാണ് സെൻട്രൽ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ളത്. ഇതിൽ അവധിക്ക് നാട്ടിൽ പോയിരുന്ന ഏതാനും പേരൊഴികെ ബാക്കിയുള്ളവരെല്ലാം അന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. 
കമ്മിറ്റി രൂപീകരണം തടസ്സപ്പെടാനിടയായ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സംസ്ഥാന നേതൃത്വം തേടുകയും തെരഞ്ഞെടുപ്പ് നടപടികൾ തടസ്സപ്പെടുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പറയുകയും ചെയ്തിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
 

Latest News