റിയാദ്- നിയമലംഘകരെ പിടികൂടാന്‍ സൗദിയില്‍ വ്യാപക റെയ്ഡ്. ഇന്ത്യക്കാരടക്കം നിരവധി പേരാണ് പിടിക്കപ്പെട്ട് തര്‍ഹീലില്‍ കഴിയുന്നത്. തൊഴില്‍, താമസ നിയമലംഘകര്‍ക്കെതിരായ നടപടി രാജ്യത്ത് വീണ്ടും ശക്തമാക്കിയതോടെയാണ് നിരവധി പേര്‍ പിടിക്കപ്പെട്ട് തര്‍ഹീലില്‍ എത്തിയത്. മാളുകളിലും റോഡുകളിലും പാര്‍ക്കുകളിലും മറ്റും പോലീസും തൊഴില്‍ വകുപ്പും ജവാസാത്തും നടത്തുന്ന റെയ്ഡിലാണ് ഇഖാമ പുതുക്കാത്തവരും ഹുറൂബ് ആയവരും പിടിക്കപ്പെടുന്നത്. പിടിക്കപ്പെടുന്നവരെ വിരലടയാളമെടുത്ത് നേരെ തര്‍ഹീലിലേക്കാണ് കൊണ്ടുപോകുന്നത്. തര്‍ഹീലിലുള്ള 252 ഇന്ത്യക്കാരെ ബുധനാഴ്ച രാവിലെ പത്ത് മണിക്ക് റിയാദില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ദല്‍ഹി വിമാനത്താവളത്തിലെത്തിച്ചു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഇവരില്‍ 144 പേര്‍ റിയാദിലെ തര്‍ഹീലില്‍ നിന്നും 108 പേര്‍ ദമാമിലെ തര്‍ഹീലില്‍ നിന്നുമുള്ളവരാണ്. ദമാമിലുള്ളവരെ കഴിഞ്ഞ ദിവസം റിയാദിലെത്തിച്ച് യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാര്‍, യൂസുഫ് കാക്കഞ്ചേരി, തുഷാര്‍, അബ്ദുസമദ് എന്നിവരാണ് തര്‍ഹീലില്‍ പോയി എല്ലാവരുടെയും യാത്രാ രേഖകള്‍ ശരിയാക്കിയത്.
ദല്‍ഹിയിലെത്തിച്ചവരില്‍ ഒമ്പത് മലയാളികളാണുള്ളത്. തമിഴ്‌നാട് 12, തെലങ്കാന-ആന്ധ്ര 16, ബിഹാര്‍ 30, യു.പി 89, ബംഗാള്‍ 57, രാജസ്ഥാന്‍ 8 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കണക്ക്. എല്ലാവരും ദല്‍ഹിയിലെത്തിയ ശേഷം അവരുടെ നാടുകളിലേക്ക് പോകും. അതേസമയം മറ്റൊരു വിമാനം കൂടി മുന്നൂറോളം പേരുമായി വെള്ളിയാഴ്ച ദല്‍ഹിയിലേക്ക് പോകുന്നുണ്ട്.






