നാടിനെ സ്‌നേഹിച്ചവർ ഇടതുമുന്നണിക്ക് വിജയം സമ്മാനിച്ചു-മുഖ്യമന്ത്രി

തിരുവനന്തപുരം- ഇടതുമുന്നണിക്ക് വൻ വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങൾക്ക് നന്ദി പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ വിജയമാണെന്നും നമ്മൾ ഒന്നായി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമാണിത്. കേരളത്തെയും അതിന്റെ നേട്ടങ്ങളെയും തകർക്കാർ ശ്രമിക്കുന്നവർക്കും നാടിനെ സ്‌നേഹിക്കുന്നവർ നൽകിയ തിരിച്ചടിയാണിത്. ഒരുപാട് ദല്ലാൾമാരും കുപ്രചാരകരും വലതുപക്ഷ വൈതാളികരും പ്രത്യേക ലക്ഷ്യം വെച്ച് നീങ്ങിയ കേന്ദ്ര ഏജൻസികളും സംഘടിതമായി നടത്തിയ നുണപ്രചരണങ്ങൾക്ക് കേരളീയർ ഉചിതമായ മറുപടി നൽകി. കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫ് അപ്രസക്തമാകുന്നു. ബി.ജെ.പിയുടെ അവകാശവാദങ്ങൾ തകർന്നടിയുന്നു. വർഗീയ ശക്തികളുടെ ഐക്യപെടലിനും കുത്തിത്തിരുപ്പുകൾക്കും കേരള രാഷ്ട്രീയത്തിൽ ഇടമില്ല എന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു. 2015-ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ വൻ മുന്നേറ്റമാണ് ഇടതുമുന്നണിക്ക് ഉണ്ടാക്കാനായത്. 2015-ൽ ഏഴ് ജില്ലാ പഞ്ചായത്ത് വീതമായിരുന്നു ഇരുമുന്നണികൾക്കും ഉണ്ടായത്. അത് ഇപ്പോൾ 11 ഇടത്ത് എൽ.ഡി.എഫിന് അധികാരത്തിലെത്താനായി. 98 ബ്ലോക്ക് പഞ്ചായത്തിലെ വിജയം 108 ലേക്ക് ഉയർന്നു. കോർപ്പറേഷനുകളിൽ ആറിൽ അഞ്ചിടത്തും വിജയിച്ചു. 514 ഗ്രാമപഞ്ചായത്തിലും എൽ.ഡി.എഫ് വിജയിച്ചുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നഗരസഭകളിലാണ് കഴിഞ്ഞ തവണത്തെ നേട്ടം ഇടതുമുന്നണിക്ക് ഉണ്ടാക്കാനാകാതെ പോയത്. കഴിഞ്ഞ രണ്ട് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും അധികാരത്തിലുണ്ടായിരുന്ന മുന്നണി പിറകോട്ട് പോയതായിരുന്നു. എന്നാൽ ഭരണത്തിലിരിക്കെ തന്നെ മുന്നണിക്ക് വിജയിക്കാനായി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News