തലശ്ശേരി- തലശ്ശേരി നഗരസഭയിലേക്ക് നടന്ന ശക്തമായ മത്സരത്തിൽ ബി.ജെ.പി ഇത്തവണ എട്ട് സീറ്റ് നേടി പ്രതിപക്ഷ പട്ടം കരസ്ഥമാക്കി. കഴിഞ്ഞ തവണ ആറ ്വാർഡുകൾ നേടിയ ബി.ജെ.പിക്ക് ഒരു കൗൺസിലറുടെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പോടെ ഒരു വാർഡ് നഷ്ടപ്പെട്ട് അഞ്ച് വാർഡിൽ ഒതുങ്ങേണ്ടി വന്നിരുന്നു.
തലായ് വാർഡിൽ നിന്ന് മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ സിറ്റിംഗ് കൗൺസിലറും സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കൂടിയായ പി.പി അനിലയെ ബി.ജെ.പിയിലെ മുൻ കൗൺസിലർ കൂടിയായ കെ.അജേഷ് 293 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്. ഇല്ലിക്കുന്ന് വാർഡിൽ ബി.ജെ.പി സ്ഥാാനാർത്ഥി വി.മജ്മ കോൺഗ്രസിലെ സി.ശിഖയെ അഞ്ച് വോട്ടിനാണ് പരാജയപ്പെടുത്തിയത.് മൂന്നാം വാർഡായ മണ്ണയാട് കോൺഗ്രസിലെ പഴയ കൗൺസിലറായ കെ.പി രാഗിണി ബി.ജെ.പിയിലെ അഡ്വ.മിലി ചന്ദ്രയോട് 250 വോട്ടിന് പരാജയപ്പെട്ടു.
കുഞ്ഞാംപറമ്പ് വാർഡിൽ ബി.ജെ.പിയിലെ ഇ.ആശ 472 വോട്ട് നേടിയപ്പോൾ നേരത്തെ മഞ്ഞോടിയിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ എ.വി ശൈലജക്ക് 239 വോട്ട് നേടാനെയായുള്ളൂ. ഇവിടെ സി.പി.എം സ്ഥാനാർത്ഥി കെ.ബി കലാവതിക്ക് 166 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ബി.ജെ.പി സിറ്റിംഗ് കൗൺസിലറായ കെ.ലിജേഷ് കോൺഗ്രസിലെ ഇ.വിജയകൃഷ്ണനെ മഞ്ഞോടി വാർഡിൽ നിന്ന് 225 വോട്ടുകൾക്ക് പരാജയപ്പെടുത്തി. കൊമ്മൽവയൽ വാർഡിൽ നിന്ന് ബി.ജെ.പിയിലെ കെ.ബിന്ദു 35 വോട്ടിന്റെ ഭൂരിപക്ഷത്തിന് സി.പി.എമ്മിലെ എം.പ്രബിനയെ പരാജയപ്പെടുത്തി.
ലീഗ് വിമത മത്സരിച്ച ചേറ്റംകുന്ന് വാർഡിൽ നിന്ന് ബി.ജെ.പിയിലെ ജോതിഷ് 390 വോട്ട് നേടി വിജയം കണ്ടു. ലീഗ് വിമത സ്ഥാനാർത്ഥി സാജിത ടീച്ചർ 296 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഐ.യു.എം.എൽ സ്ഥാനാർത്ഥി ജംഷീർ മഹമൂദിന് 288 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ലീഗിന്റെ അഭിമാന പോരാട്ടം നടന്ന വാർഡായിരുന്നു. ഇത്. ഇവിടെ വനിതാ ലീഗ് ജില്ലാ സെക്രട്ടറിയും മൂന്ന് തവണ കൗൺസിലറുമായിരുന്ന സാജിത ടീച്ചർ വിമതയായി മത്സരിച്ചപ്പോൾ സി.പി.എം പിൻതുണ നൽകിയതോടെയാണ് ബി.ജെ.പിക്ക് തുണയായത.് കഴിഞ്ഞ തവണ ബി.ജെ.പിയിലെ ജോതിഷ് 24 വോട്ടിനാണ് ഈ വാർഡിൽ യു.ഡി.എഫ് സഥാനാർത്ഥിയായ സാജിത ടീച്ചറോട് പരാജയപ്പെട്ടിരുന്നത.്
ടെമ്പിളിൽ മത്സരിച്ച ബി.ജെ.പിയിലെ പ്രീത പ്രദീപ് 607 വോട്ട് നേടി വിജയം കൊയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി ലീഗിലെ തസ്നി കെ.സിയെയാണ് പരാജയപ്പെടുത്തിയത്. കുയ്യാലി വാർഡിൽ നിന്ന് മത്സരിച്ച ബി.ജെ.പി തലശ്ശേരി മണ്ഡലം സെക്രട്ടറി കൂടിയായ എം.പി സുമേഷ് പരാജയപ്പെട്ടു. തലശ്ശേരി നഗര സഭയിൽ ഏഴ് സീറ്റുകൾ മാത്രമേ യു.ഡി.എഫിന് നേടാനായുള്ളു.






