ന്യൂദല്‍ഹി- ദല്‍ഹിയെ വളഞ്ഞു സമരം ചെയ്യുന്ന കര്‍ഷകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സമരത്തിന് പിന്നില്‍ ദല്‍ഹി കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയുണ്ട്. ഗുജറാത്തിലെ കച്ചില്‍ ചെന്നാണ് മോഡി സമരത്തെ തള്ളിപ്പറഞ്ഞത്.
സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷം അവരെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രതിപക്ഷം അവരുടെ തോളില്‍ കയറിയിരുന്നു വെടിയുതിര്‍ക്കുകയാണെന്നും മോഡി കുറ്റപ്പെടുത്തി. കര്‍ഷകരെ ആശയക്കുഴപ്പത്തിലാക്കാനുള്ള ഗൂഢാലോചനകള്‍ ദല്‍ഹി കേന്ദ്രീകരിച്ചു നടക്കുന്നുണ്ടെന്നും മോഡി പറഞ്ഞു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം ഇരുപത് ദിവസം പിന്നിട്ടപ്പോഴാണ് നിയമങ്ങള്‍ ന്യായീകരിച്ച് പ്രധാനമന്ത്രി വീണ്ടും രംഗത്തെത്തിയത്. സര്‍ക്കാര്‍ എപ്പോഴും കര്‍ഷകരോട് പ്രതിജ്ഞാബദ്ധരാണെന്നും മോഡി ആവര്‍ത്തിച്ചു. കച്ചില്‍ കര്‍ഷകരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. എന്നാല്‍ ഒരു ഗുരുദ്വാരയുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തതെന്നാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത കര്‍ഷകന്‍ മാധ്യമങ്ങളോടു പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണം അവസാനിക്കുന്ന 2024 വരെ സമരം ചെയ്യാനുള്ള തയാറെടുപ്പുമായാണ് തങ്ങള്‍ വന്നിരിക്കുന്നതെന്നാണ് കര്‍ഷകര്‍ പറഞ്ഞു. ദല്‍ഹിയിലേക്ക് വരുന്നതിന് മുന്‍പ് ഞങ്ങള്‍ വീടുകള്‍ക്കുള്ളില്‍ വെറുതെ ഇരിക്കുകയല്ലായിരുന്നു. കഴിഞ്ഞ ആറു മാസമായി പ്രതിഷേധത്തില്‍ തന്നെയായിരുന്നു. രാപ്പകല്‍ ധര്‍ണകള്‍ ഇരുന്നു. കുറച്ചു സമരം ചെയ്തിട്ട് കര്‍ഷകര്‍ തളര്‍ന്ന് മടങ്ങിപ്പോകുമെന്ന് ആരും കരുതേണ്ട. എല്ലാ കരുതലുകളുമായാണ് വന്നിരിക്കുന്നത്. കര്‍ഷകര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കരുതി തന്നെയാണ് ഇരിക്കുന്നതെന്നും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പ്രസിഡന്റ് സത്‌നാം സിംഗ് പന്നു പറഞ്ഞു. ഇന്ന് ദല്‍ഹിയെ നോയിഡയുമായി ബന്ധിപ്പിക്കുന്ന ചില്ല അതിര്‍ത്തി സ്തംഭിപ്പിക്കുമെന്നു കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ കോവിഡ് നിബന്ധനകള്‍ പാലിക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ നിര്‍ദേശിച്ചു. സമരം നടക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ശുചിത്വം തീരെയില്ലെന്നും അധികൃതര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള വെള്ളം പോലും എത്തിക്കുന്നില്ലെന്നും കര്‍ഷകര്‍ പരാതി ഉന്നയിച്ചു. എന്തു തരം പ്രതിസന്ധികള്‍ ഉണ്ടായാലും സമരത്തില്‍നിന്നു പിന്‍മാറുന്ന പ്രശ്‌നമില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
പ്രതിഷേധിക്കുന്ന കര്‍ഷകരെ പ്രധാനമന്ത്രി ഖാലിസ്ഥാന്‍ ഭീകരരായാണ് കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മോഡിയെ സംബന്ധിച്ച് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ രാജ്യവിരുദ്ധരും വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ അര്‍ബന്‍ നക്‌സലുകളും കുടിയേറ്റ തൊഴിലാളികള്‍ കോവിഡ് വാഹകരുമാണ്. എന്നാല്‍ കുത്തകകള്‍ അദ്ദേഹത്തിന്റെ ചങ്ങാതിമാരാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
കര്‍ഷക സമരത്തെ രാജ്യവിരുദ്ധ ശക്തികള്‍ കൈയടക്കിയിരിക്കുകയാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. കര്‍ഷകര്‍ സര്‍ക്കാരുമായി ചര്‍ച്ചക്കു തയാറാകണമെന്നും യോഗി ആവശ്യപ്പെട്ടു. കര്‍ഷകരുടെ മുന്നേറ്റത്തിന് പിന്നില്‍ കുഴപ്പക്കാരാണെന്ന് (തുകടേ തുകടേ ഗ്യാംഗ്) ബി.ജെ.പി കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥ തുകടേ തുകടേ ഗ്യാംഗ് ബി.ജെ.പി ആണെന്ന് കാര്‍ഷിക ബില്ലുകളില്‍ ഉടക്കി കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ശിരോമണി അകാലിദളിന്റെ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.






