നേരം പുലരാന്‍ കേരളം കാത്തിരിക്കുന്നു

തിരുവനന്തപുരം- കോവിഡ് കാലത്തു നടന്ന വാശിയേറിയ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാനിരിക്കേ എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ പ്രതീക്ഷ പുലര്‍ത്തുന്നു. മുന്‍വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നു. രാവിലെ 10 മണിയോടെ  തന്നെ ആദ്യ ഫലങ്ങള്‍ അറിയാം.
ഉച്ചക്ക് മുമ്പായിത്തന്നെ പഞ്ചായത്ത് വാര്‍ഡുകളുടെ ഫലങ്ങള്‍ പുറത്തുവരും. ജില്ലാ, ബ്ലോക്ക് വാര്‍ഡ് ഫലങ്ങളും വൈകില്ല. ഫലം അപ്പപ്പോള്‍ അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പി.ആര്‍.ഡി ലൈവ് ആപ്പിലും ഫലമറിയാം.
മുമ്പൊരിക്കലും പരിചയമില്ലാത്ത കോവിഡ് നിബന്ധനകള്‍ക്കിടയിലും മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 77 ശതമാനത്തോളം പോളിംഗ് നടന്നുവെന്നത് മുന്നണികളുടെ പ്രതീക്ഷകളെ ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 77.76 ആയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ ചൂണ്ടുപലകയായി മാറുമെന്നതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്ക ഇരട്ടിപ്പിക്കുന്നത്. തങ്ങളുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും മൂന്ന് മുന്നണികളും ഈ തെരഞ്ഞെടുപ്പില്‍ എടുത്തു പ്രയോഗിച്ചിട്ടുണ്ട്.
ഇടതുമുന്നണി പൊതുവെ കരുത്തു കാട്ടാറുള്ള തെക്കന്‍ ജില്ലകളില്‍ പോളിംഗില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. ഇരുമുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്ന മധ്യകേരളത്തില്‍ ശരാശരി പോളിഗ് നടന്നു. യു.ഡി.എഫിന് പ്രതീക്ഷയുള്ള മലപ്പുറമുള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ പോളിംഗ് നടന്നത്.

 

Latest News