പ്രായമായവരെ കോവിഡില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ സ്വീഡന്‍ പരാജയപ്പെട്ടെന്ന് അന്വേഷണ സമിതി

സ്റ്റോക്കോം- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്വീഡനില്‍ പ്രായമായവരുടെ മരണ സംഖ്യ ഉയരാന്‍ കാരണം ഉയര്‍ന്ന തോതിലുള്ള സാമൂഹിക വ്യാപനവും വൃദ്ധസദനങ്ങളില്‍ തയാറെടുപ്പുകള്‍ ഇല്ലാത്തതുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വയോജനങ്ങളെ കോവിഡില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചു. മതിയായ മുന്‍കരുതലുകളും തയാറെടുപ്പുകളും നടത്തിയിരുന്നില്ലെന്നും ഇതിന് നിലവിലെ  സര്‍ക്കാരും മുന്‍സര്‍ക്കാരും ഉത്തരവാദികളാണെന്നും സര്‍ക്കാര്‍ തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി. 

കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ ലോകത്ത് മിക്ക രാജ്യങ്ങളും ലോക്ഡൗണ്‍ നടപ്പിലാക്കിയപ്പോള്‍ അടച്ചിടല്‍ ഇല്ലാത്ത ഏക രാജ്യമായിരുന്നു സ്വീഡന്‍. ഇവിടെ സാമൂഹിക അകലം പാലിക്കലും സാനിറ്റൈസേഷനും കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തുടക്കത്തില്‍ ഇതു ഫലം കണ്ടെങ്കിലും സാമൂഹിക വ്യാപന തോത് ഉയര്‍ന്നതോടെ നിയന്ത്രത്തിലൊതുങ്ങിയില്ല. കോവിഡില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രായമായവരെ പൂര്‍ണമായും ഐസൊലേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വയോജനങ്ങള്‍ക്കിടയിലെ, പ്രത്യേകിച്ച് ഇവര്‍ കൂടുതലായി കഴിയുന്ന നഴ്‌സിങ് ഹോമുകളില്‍ മരണ സംഖ്യ ഉയരുകയായിരുന്നു. മരണ സംഖ്യ ഉയര്‍ന്നതു കാരണമാണ് അന്വേഷണം നടത്തേണ്ടി വന്നത്. 

രാജ്യത്ത് നിലവിലുള്ള വയോജന സംരക്ഷണ സംവിധാനത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഇതു പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ കാര്യമായി ഒന്നും ചെയ്തില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.
 

Latest News