Sorry, you need to enable JavaScript to visit this website.

ലവ് ജിഹാദ് ആരോപണം വ്യാജം, ഗര്‍ഭം അലസാന്‍ കാരണം അധികൃതരെന്ന് തടങ്കലിൽ നിന്ന് മോചിതയായ യുവതി

മൊറാദാബാദ്- ഉത്തര്‍പ്രദേശിലെ പുതിയ മതപരിവര്‍ത്തന നിയമപ്രകാരം അറസ്റ്റിലായ മുസ്ലിം യുവാവിന്റെ ഭാര്യ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത്. ലവ് ജിഹാദ് തടയാനെന്ന പേരില്‍ യു.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമപ്രകാരം ഭര്‍ത്താവിനെ അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് 22 കാരിയായ മുസ്കാൻ ജഹാനെ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.  മെഡിക്കല്‍ അശ്രദ്ധമൂലം ഗര്‍ഭം അലസിയതായും അഭയ കേന്ദ്രമായ നാരി നികേതനില്‍ പീഡനം നേരിട്ടുവെന്നും അവര്‍ പറഞ്ഞു. തന്റെ അവസ്ഥ മോശമായിട്ടും സംരക്ഷണ കേന്ദ്രത്തിലെ  ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ലെന്നും ഒടുവില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഒരു ഡോക്ടര്‍ നടത്തിയ കുത്തിവെപ്പാണ് ഗര്‍ഭം അലസാന്‍ കാരണമെന്നും അവര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

അധികൃതര്‍ ആരോപിക്കുന്ന ലവ് ജിഹാദ് വ്യാജമാണെന്നും തന്റെ അമ്മ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്നും യുവതി പറഞ്ഞു. മുസ്‌ലിം യുവാവിനെ വിവാഹം ചെയ്തതും ഇസ്‌ലാം സ്വീകരിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണ്. വിവാഹത്തില്‍ സന്തുഷ്ടയാണെന്നും തന്റെ രക്ഷിതാക്കളുമായി ഇപ്പോള്‍ ബന്ധമില്ലെന്നും യുവതി പറഞ്ഞു. 22 വയസ്സുള്ള താന്‍ മുഹമ്മദ് റാശിദിനെ വിവാഹം ചെയ്തത് ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ലെന്നും ഭര്‍ത്താവിനേയും സഹോദരനേയും ഉടന്‍ മോചിപ്പിക്കണമെന്നും യുവതി മജിസ്‌ട്രേറ്റ് മുമ്പാകെ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ നിന്ന് മോചിതയായ മുസ്‌കാന്‍ ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം പോയി.

ആറു ദിവസത്തോളമാണ് നാരി നികേതനില്‍ കഴിഞ്ഞത്. ശക്തമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. പരാതിപ്പെട്ടിട്ടും ജീവനക്കാര്‍ അവഗണിച്ചു. ആരോഗ്യ നിലയെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ വാര്‍ഡന്‍ ശകാരിച്ചുവെന്നും  മരുന്നുകള്‍ നല്‍കിയില്ലെന്നും  യുവതി പറഞ്ഞു. ഗര്‍ഭം അലസിയതിനെ കുറിച്ച് ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നു. അള്‍ട്രാസൗണ്ട് പരിശോധനയും നടത്തിയിരുന്നു. തുടക്കത്തില്‍ ഗര്‍ഭപിണ്ഡം നല്ല നിലയിലാണെന്നാണ് അവര്‍ പറഞ്ഞിരുന്നത്. അവര്‍ കുത്തിവെപ്പ് നടത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യനില മോശമായതും  രക്തസ്രാവം തുടങ്ങിയതും-അവര്‍ പറഞ്ഞു.  

പോലീസിന്റെയും ഡോക്ടര്‍മാരുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതായി സംശയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കുത്തിവെപ്പ് നടത്തിയ ഡോക്ടര്‍മാരാണ് ഉത്തരവാദികളെന്നായിരുന്നു മറുപടി.  

അതേസമയം യുവതിയുടെ ആരോപണങ്ങള്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് എതിര്‍ത്തു. രക്തസ്രാവവും വേദനയും തടയാനാണ് മരുന്നുകള്‍ നല്‍കിയതെന്നും അള്‍ട്രാസൗണ്ട് പരിശോധനയില്‍ ഗര്‍ഭ പിണ്ഡം കണ്ടുവെങ്കിലും ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നും മെഡിക്കല്‍ സൂപണ്ട് പറഞ്ഞു.

മൊറാദാബാദ് പോലീസാണ് പുതിയ മതപരിവര്‍ത്തന നിയമപ്രകാരം യുവതിയുടെ ഭര്‍ത്താവ് റാഷിദിനേയും  സഹോദരനേയും അറസ്റ്റ് ചെയ്തത്. ബജ്‌റംഗ് ദളുകാരാണ് ഇവരെ പോലീസിന് കൈമാറിയിരുന്നത്.

 

Latest News