Sorry, you need to enable JavaScript to visit this website.

കടലാസു പാര്‍ട്ടിയെ ചുറ്റിപ്പറ്റി അഭ്യൂഹം; രജനികാന്തിന്റെ പാര്‍ട്ടി ഇതാകുമോ?

ചെന്നൈ- തമിഴ്‌നാട്ടില്‍ ഇതുവരെ അറിയപ്പെടാതിരുന്ന ഒരു കടലാസു പാര്‍ട്ടിയും രണ്ടു മാസം മുമ്പ് നടന്ന അതിന്റെ പേരുമാറ്റവുമാണിപ്പോള്‍ ചര്‍ച്ച. ഡിസംബര്‍ 31ന് നടന്‍ രജനികാന്ത് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെ അനൈതിന്ത്യ മക്കള്‍ ശക്തി കഴകം എന്ന ഒരു കടലാസ് പാര്‍ട്ടി പേരുമാറ്റി മക്കള്‍ സേവൈ കച്ചി എന്ന പുതിയ പേര് സ്വീകരിച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണ്. രജനിയുടെ പാര്‍ട്ടി ഇതാണോ എന്നതു സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ മറുപടി നല്‍കുന്നില്ലെങ്കിലും ഈ പേര് അവര്‍ തള്ളിക്കളയുന്നുമില്ല. ഇതോടെ രജനിയുടെ പുതിയ പാര്‍ട്ടി മക്കള്‍ സേവൈ കച്ചി തന്നെയാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ കാത്തിരിക്കാനാണ് രജനിയുടെ സംഘം പറയുന്നത്. 

അനൈതിന്ത്യ മക്കള്‍ ശക്തി കഴകം എന്ന പാര്‍ട്ടിയുടെ പേരുമാറ്റം അനുവദിക്കുകയും പുതിയ പേരായി മക്കള്‍ സേവൈ കച്ചി തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിക്കുകയും ചെയ്തത് സെപ്തംബറിലാണ്. ബാഷ എന്ന സിനിമയിലെ ഓട്ടോഡ്രൈവറുടെ വേഷത്തിലൂടെ രജനിയുമായി ബന്ധമുള്ള ഓട്ടോറിക്ഷയാണ് പാര്‍ട്ടി ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ബാബയിലൂടെ പ്രശസ്തമായ രജനിയുടെ ഹസ്ത മുദ്രയാണ് ചിഹ്നമായി ചോദിച്ചിരുന്നതെങ്കിലും മറ്റു പാര്‍ട്ടികളുടെ ചിഹ്നവുമായി സാമ്യമുള്ളതിനാല്‍ അനുവദിക്കപ്പെട്ടില്ല. 

ഈ പാര്‍ട്ടിയുടെ ഭാരവാഹിയായി രജനിയുടെ പേര് പറയുന്നില്ലെങ്കിലും കമ്മീഷനു ലഭിച്ച പാര്‍ട്ടിയുടെ കത്തില്‍ രജനിയുടെ പേര് പരാമര്‍ശിക്കുന്നതായി കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. 2019ലാണ് ഈ പാര്‍ട്ടി ആദ്യമായി രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ തെരഞ്ഞെടുപ്പുകളിലൊന്നും മത്സരിച്ചിട്ടില്ല. രജനികാന്തിന്റെ ആരാധകരുടെ സംഘടനയായ രജനി മക്കള്‍ മന്‍ട്രം നേതാവിന്റെ ബന്ധുവിന്റെ പേരിലായിരുന്നു പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്.
 

Latest News