മലയാളികളെ ഐ.എസിലെത്തിച്ച വനിതയെ തേടി എന്‍.ഐ.എ മനിലയിലേക്ക്

ന്യദല്‍ഹി- ആഗോള ഭീകര സംഘടനയായ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്ന് കരുതുന്ന കാരന്‍ ഐഷയെ ചോദ്യം ചെയ്യുന്നതിന് പ്രത്യേക സംഘത്തെ അയക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തീരുമാനിച്ചു. മനിലയില്‍ ഫിലിപ്പൈന്‍സ് പോലീസ് പിടിയിലായ കാരന്‍ ഐഷ ഹാമിദോണ്‍ സോഷ്യല്‍ മീഡിയ വഴി ഇന്ത്യയില്‍ നിന്ന് യുവാക്കളെ ഐ.എസിലെക്ക് റിക്രൂട്ട് ചെയ്തുവെന്നാണ് കരുതുന്നത്. കേരളത്തില്‍നിന്ന് അപ്രത്യക്ഷരായവരെ കുറിച്ചും എന്‍.ഐ.എ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ നിന്നുള്ള യുവാക്കളെ ഐ.എസിലേക്ക് ആകര്‍ഷിച്ച് റിക്രൂട്ട് ചെയ്യുന്നത് ഐഷയാണെന്ന് എന്‍.ഐ.എ പറയുന്നു. കഴിഞ്ഞ മാസം മനിലയില്‍ അറസ്റ്റിലായ യുവതിയെ ചോദ്യം ചെയ്യുന്നതിനായി എന്‍.ഐ.എ ഫിലിപ്പൈന്‍സ് അധികൃതരുമായി ബന്ധപ്പെട്ടു വരികയായിരുന്നു.
2014-ന് ശേഷം ഐ.എസില്‍ ചേര്‍ന്ന ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഐഷയെ ചോദ്യം ചെയ്യുന്നതിലൂടെ സാധിക്കുമെന്നാണ് എന്‍.ഐ.എയുടെ പ്രതീക്ഷ. യുവതിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യം ആഭ്യന്തര മന്ത്രാലയം വഴി ഫിലിപ്പൈന്‍സ് അധികൃതരോട് ഉന്നയിക്കും.
വാട്‌സാപ്പ്, ടെലഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ വഴി യുവാക്കളെ ആകര്‍ഷിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ എത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഐഷയെ ഫിലിപ്പൈന്‍സ് പോലീസ് പിടികൂടിയിരുന്നത്.  ദേശീയ അന്വേഷണ ഏജന്‍സി തയ്യാറാക്കിയ രണ്ട് കുറ്റപത്രങ്ങളില്‍ ഓണ്‍ലൈന്‍ മോട്ടിവേറ്റര്‍ എന്ന് വിശേഷിപ്പിച്ച് കാരന്‍ ഐഷ ഹാമിദോന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ഐഷയുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ എന്‍.ഐ.എയാണ് കഴിഞ്ഞ വര്‍ഷം ഫിലിപ്പൈന്‍സ് അധികൃതരെ വിവരം അറിയിച്ചത്.
ഫിലിപ്പൈന്‍സ് നിതിന്യായ വകുപ്പ് മുമ്പാകെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിച്ച ഐഷ താന്‍ ഇസ് ലാമിക പ്രബോധകയായ ബ്ലോഗര്‍ മാത്രമാണെന്നാണ് വാദിക്കുന്നത്. പോലീസ് നിരത്തുന്ന ആരോപണങ്ങള്‍ക്ക്  അടിസ്ഥാനമില്ലെന്നും ക്രൈസ്തവ മിഷണറി പ്രവര്‍ത്തനം പോലെ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഇസ്്‌ലാമിന്റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിക്കുകയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യല്‍ മീഡിയ ഇതിനായി ഉപയോഗിച്ചതിനാലാണ് തന്നെ രാജ്യാന്തര രംഗത്ത് കുപ്രസിദ്ധയാക്കാന്‍ ശ്രമം നടത്തുന്നതെന്നും തന്റെ അറസ്റ്റ് സെന്‍സേഷണലാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും അവര്‍ പറയുന്നു.
അന്‍സാറുല്‍ ഖലീഫ ഫിലിപ്പൈന്‍സ് എന്ന സംഘടനയുടെ നേതാവായിരുന്ന മുഹമ്മദ് ജാഫര്‍ മജീദിന്റെ വിധവയാണ് കാരന്‍ ഐഷ ഹാമിദോണ്‍.  നിരവധി മെസേജുകളും ചാറ്റുകളും ഇവരുടെ ഐഎസ് ബന്ധം വ്യക്തമാക്കുന്നതായാണ് ഫിലിപ്പൈന്‍സില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വ്യക്തമാക്കുന്നത്.
 

Latest News