കണ്ണൂർ- രാഷ്ട്രീയ അക്രമങ്ങളിലൂടെ ദുഷ്‌പേര് സമ്പാദിച്ച കണ്ണൂരിൽ ഇത്തവണ അക്രമങ്ങളില്ലാത്ത തെരഞ്ഞെടുപ്പ്. സമീപകാല ചരിത്രത്തിൽ ഇല്ലാത്ത തരത്തിൽ സമാധാനപരമായാണ് തദ്ദേശ തെരഞ്ഞെടുപ്പു നടന്നത്.
ഒറ്റപ്പെട്ട ചില സംഭവങ്ങൾ മാത്രമാണ് ഉണ്ടായത്. കണ്ണൂരിൽ പതിവു പോലെ കനത്ത സുരക്ഷാ സന്നാഹത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. 9000 പോലീസുകാരെയാണ് ക്രമ സമാധാന ഡ്യൂട്ടിക്കായി നിയോഗിച്ചത്.
ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, എ.എസ്.പി പ്രജീഷ് തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ഒരുക്കിയത്. കള്ളവോട്ടു തടയുന്നതിനു ഹൈക്കോടതി നിർദേശ പ്രകാരം പ്രശ്‌ന ബാധിത ബൂത്തുകളിൽ പ്രത്യേക സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോ ചിത്രീകരണവും ഒരുക്കിയിരുന്നു. ഇതിനു പുറമെ, ജില്ലാ പോലീസ് മേധാവി നേരിട്ട് ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകളുള്ള പ്രദേശങ്ങളിൽ സന്ദർശനവും നടത്തിയിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലടക്കം ജില്ലയിൽ വ്യാപകമായ ആക്രമണം നടന്നിരുന്നു. കണ്ണൂരിനെ നാണം കെടുത്തിയ കള്ളവോട്ടു വിവാദമുണ്ടായതും ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലാണ്.
എന്നാൽ ഇത്തവണ രാഷ്ട്രീയ പാർട്ടികൾ കള്ളവോട്ട് ആരോപണമുന്നയിച്ചതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജില്ലയിൽ കടന്നപ്പള്ളി, മുഴുപ്പിലങ്ങാട് എന്നിങ്ങനെ രണ്ടിടത്ത് മാത്രമാണ് കള്ളവോട്ടു നടന്നതായി സ്ഥിരീകരിക്കപ്പെട്ടത്. ഇതിൽ കള്ളവോട്ടിനു ശ്രമിച്ച ഒരാളെ കൈയ്യോടെ പിടികൂടുകയും ചെയ്തു. മുഴപ്പിലങ്ങാട് സി.പി.എം പ്രവർത്തകനും കടന്നപ്പള്ളിയിൽ ലീഗ് പ്രവർത്തകനുമാണ് കള്ളവോട്ടു ചെയ്തത്. മയ്യിലിൽ തെരഞ്ഞെടുപ്പിനു ശേഷം എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷമൊഴിവാക്കാനായി എത്തിയ പോലീസുകാരനു പരിക്കേറ്റു.
ആന്തൂരിൽ വ്യാപകമായ കള്ളവോട്ടു നടന്നതായി കോൺഗ്രസ്, ബി.ജെ.പി നേതൃത്വങ്ങൾ ആരോപണം ഉന്നയിച്ചുവെങ്കിലും ഇതിനു തെളിവുകളുണ്ടായില്ല.
പരിയാരം പഞ്ചായത്തിലെ മാവിച്ചേരി, ശ്രീകണ്ഠാപുരം ചെങ്ങളായി തട്ടേരി എന്നിവിടങ്ങളിലാണ് ആക്രണണമുണ്ടായത്. മാവിച്ചേരിയിൽ യു.ഡി.എഫ് ബൂത്ത് ഏജന്റ് നിസാറിനും, തട്ടേരിയിൽ കെ. സുധാകരൻ എം.പിയുടെ പ്രസ് സെക്രട്ടറി മനോജ് പാറക്കാടിയെയുമാണ് സി.പി.എം പ്രവർത്തകർ ആക്രമിച്ചത്. കള്ളവോട്ടു ചോദ്യം ചെയ്തതിനായിരുന്നു മർദനം. പോലീസ് ഇടപെട്ടതോടെ രണ്ടിടത്തും സംഘർഷം അവസാനിച്ചു.
എടക്കാടിനടുത്ത് തെരഞ്ഞെടുപ്പിനു തലേന്നു രാത്രി യു.ഡി.എഫ് പ്രചാരണ ബോർഡുകൾ തകർക്കുകയായിരുന്ന മൂന്നു സി.പി.എം പ്രവർത്തകരെ വടിവാളുകൽ സഹിതം പോലീസ് പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. സായന്ത് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിയിലായത്.