ഹേമ മാലിനിയെ വരവേറ്റത് കാള; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പണി പോയി

ആഗ്ര- സ്വന്തം മണ്ഡലമായ മഥുരയില്‍ റെയിവേസ്റ്റഷനില്‍ വന്നിറങ്ങിയ ബിജെപി എംപിയും നടിയുമായ ഹേമ മാലിനിക്കു നേരെ കാള ചീറിപ്പാഞ്ഞു വന്നതിന് പണി പോയത് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക്.
മഥുര ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട് പരിശോധനക്കെത്തിയതായിരുന്നു ഹേമ. ഇതിനിടെയാണ് കലിപൂണ്ട കാള എംപിക്കു നേരെ പാഞ്ഞടുത്തത്. തലനാരിഴയ്ക്കാണ് കാളയുടെ കുത്തില്‍നിന്ന് എംപി രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്ചയാണ് സംഭവം നടന്നത്. റെയില്‍വെ സ്റ്റേഷനില്‍ വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താനും പരിശോധന നടത്താനുമാണ് ഒരു ആര്‍ക്കിടെക്റ്റിനൊപ്പം എം പി എത്തിയത്. എംപിയുടെ സുരക്ഷ ക്രമീകരണങ്ങളിലുണ്ടായ പാളിച്ചയാണ് സംഭവത്തിനു പിന്നില്‍.
സ്റ്റേഷന്‍ മാനേജര്‍ കെ.എല്‍ മീണയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും എംപിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയും അന്വേഷിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷന്‍ പരിസരത്തു അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെയും മറ്റു മൃഗങ്ങളേയും നിയന്ത്രിക്കാനുള്ള സംവിധാനമൊരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
 
 
 

Latest News