Sorry, you need to enable JavaScript to visit this website.

ആയിരം കോടി ഡോളർ സമാഹരിക്കാൻ സൗദി അറാംകോക്ക് പദ്ധതി

റിയാദ് - ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകോക്കു കീഴിലെ കമ്പനികളുടെ ഓഹരികൾ വിൽപന നടത്തി ആയിരം കോടി ഡോളർ സമാഹരിക്കാൻ കമ്പനി ആലോചിക്കുന്നു. ശാഖാ കമ്പനികളുടെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്ക് മൂലിസ് കമ്പനിയെ അറാംകോ നിയമിച്ചിട്ടുണ്ട്. സൗദി അറാംകോക്കു കീഴിലെ എണ്ണ പൈപ്പ്‌ലൈനുകളിലെ ഓഹരികൾ പുതിയ പദ്ധതിയുടെ ഭാഗമായി വിൽപന നടത്തിയേക്കും. 


പെട്രോകെമിക്കൽ ഭീമനായ സൗദി ബേസിക് ഇൻഡസ്ട്രീസ് കോർപറേഷൻ (സാബിക്) ഏറ്റെടുത്ത ഇടപാടിന്റെ ഫലമായി ഉയർന്ന കടങ്ങൾ കുറക്കാനാണ് ശാഖാ കമ്പനികളുടെ ഓഹരി വിൽപനയിലൂടെ ശ്രമിക്കുന്നതെന്ന് സൗദി അറാംകോ പറഞ്ഞു. 6,900 കോടി ഡോളറിനാണ് സാബിക് ഏറ്റെടുക്കൽ ഇടപാട് സൗദി അറാംകോ പൂർത്തിയാക്കിയത്. അടുത്തിടെ അന്താരാഷ്ട്ര ബോണ്ടുകൾ പുറത്തിറക്കി 800 കോടി ഡോളർ കമ്പനി സമാഹരിച്ചിരുന്നു. 40,000 ബോണ്ടുകളാണ് കമ്പനി പുറത്തിറക്കിയത്. 
മൂന്നു വർഷ കാലാവധിയുള്ള ബോണ്ടുകൾക്ക് 1.25 ശതമാനവും അഞ്ചു വർഷ കാലാവധിയുള്ള ബോണ്ടുകൾക്ക് 1.65 ശതമാനവും പത്തു വർഷ കാലാവധിയുള്ള ബോണ്ടുകൾക്ക് 2.25 ശതമാനവും മുപ്പതു വർഷ കാലാവധിയുള്ള ബോണ്ടുകൾക്ക് 3.25 ശതമാനവും അമ്പതു വർഷ കാലാവധിയുള്ള ബോണ്ടുകൾക്ക് 3.5 ശതമാനവും ലാഭവിഹിതമാണ് കമ്പനി നൽകുക. സിറ്റി ഗ്രൂപ്പ്, എച്ച്.എസ്.ബി.സി, ജെ.പി മോർഗൻ, മോർഗൻ സ്റ്റാൻലി, റിയാദ് ആസ്ഥാനമായ അൽഅഹ്‌ലി കാപിറ്റൽ എന്നീ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയുമാണ് ബോണ്ട് വിപണനത്തിന് സൗദി അറാംകോ തെരഞ്ഞെടുത്തിരുന്നത്.
 

Latest News