പെണ്‍കുട്ടിയെ പിതാവ് നാല് ലക്ഷം രൂപയ്ക്ക് വിറ്റു; നാല് പേര്‍ അറസ്റ്റില്‍

ഉജ്ജയിന്‍- രാജസ്ഥാന്‍ സ്വദേശിക്ക് നാല് ലക്ഷം രൂപക്ക് വിറ്റ 14 കാരിയെ മധ്യപ്രദേശ് പോലീസ് രക്ഷപ്പെടുത്തി. വേശ്യാവൃത്തിക്ക് വേണ്ടിയാണ് പെണ്‍കുട്ടിയെ പിതാവ് വില്‍പന നടത്തിയതെന്ന് പോലീസ് പറഞ്ഞു.
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 190 കിലോമീറ്റര്‍ പടിഞ്ഞാറ് ഉജ്ജയിനിലാണ് സംഭവം.  പെണ്‍കുട്ടിയുടെ പിതാവടക്കം നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പിതാവിന് പുറമെ മറ്റൊരാള്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.

ഉജ്ജയിനില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ നവംബറില്‍ മാതാപിതാക്കള്‍ രാജസ്ഥാനിലെ ഉദയ്പൂരിലേക്ക് കൊണ്ടുപോയാണ് കൈമാറിയത്.   പെണ്‍കുട്ടി എതിര്‍ത്തുവെങ്കിലും നവംബര്‍ 24 ന് ഉദയ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ പിതാവ് വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം ഗ്രാമത്തിലാക്കി മാതാപിതാക്കള്‍ ഉജ്ജയിനിലേക്ക് മടങ്ങി.

മാതാപിതാക്കള്‍ തനിക്ക് നാല് ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന് അവകാശപ്പെട്ടയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
മാതാപിതാക്കളെ അവസാനമായി കാണാനായി ഉജ്ജൈനിലേക്ക് കൊണ്ടുപോകാന്‍ ഡിസംബര്‍ എട്ടിന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഉജ്ജൈനിലേക്ക് കൊണ്ടുവരികയായിരുന്നു.  ഞായറാഴ്ച ഉദയ്പൂരിലേക്ക് തിരികെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി  ബന്ധുക്കളില്‍ ഒരാളെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ബന്ധു പോലീസിനെ അറിയിച്ചതനുസരിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് അയച്ചു.

 

Latest News