ഇബ്രാഹീം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി- പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആശുപത്രിയില്‍ തുടരാമെന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന സാഹചര്യം വന്നാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് പുതുമയുള്ള കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. പൊതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യം കണക്കാക്കി രാഷ്ട്രീയ പ്രേരിതമായാണ് അറസ്‌റ്റെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട ഐഎഎസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടെ ശരിയായ നടപടിക്രമങ്ങളിലൂടെയാണ് മുന്‍കൂര്‍ തുക നല്‍കാന്‍ അംഗീകാരം നല്‍കിയതെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

ആര്‍.ഡി.എസിനു കരാര്‍ നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്തു മാസ്‌കറ്റ് ഹോട്ടലില്‍ 2013 ജൂണ്‍ 17 ന് നടന്ന യോഗത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. മുന്‍കൂര്‍ പണം അനുവദിച്ചതു നിയമവിരുദ്ധമായാണെന്നും അതിനു കരാറില്‍ വ്യവസ്ഥയില്ലെന്നും നിയമവകുപ്പിന്റെ അഭിപ്രായം തേടിയില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണി ബോധിപ്പിച്ചിരുന്നു.

Latest News