Sorry, you need to enable JavaScript to visit this website.

സഭയുടെ ഔദ്യോഗിക കലണ്ടറില്‍ പീഡനക്കേസ് പ്രതിയായ ബിഷപ്പ്; പ്രതിഷേധം

തൃശൂര്‍- കന്യാസ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ വിവാദ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ചിത്രം സിറോ മലബാര്‍ സഭയുടെ ഔദ്യോഗിക കലണ്ടറില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. സംസ്ഥാനത്ത് പലയിടത്തും കലണ്ടര്‍ കത്തിച്ചാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. കലണ്ടര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. 2021ലെ പുതിയ കലണ്ടര്‍ തൃശൂര്‍ രൂപതയാണ് ഇറക്കിയിരിക്കുന്നത്. ബിഷപ്പുമാരുടെ ജന്മദിനം അടയാളപ്പെടുത്തിയ കൂട്ടത്തില്‍ ഫ്രോങ്കോയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയതാണ് വിശ്വാസികളെ ചൊടിപ്പിച്ചത്. വിശ്വാസികളുടെ വികാരം സഭയിലെ ബിഷപ്പുമാര്‍ പരിഗണിക്കുന്നില്ലെന്ന് സിറോ മലബാര്‍ സഭ വീണ്ടും തെളിയിക്കുകയാണ് ഈ പ്രവര്‍ത്തിയിലൂടെ. കലണ്ടര്‍ ഉടന്‍ പിന്‍വലിക്കണം- സേവ് അവര്‍ സിസ്റ്റേഴ്‌സ് കണ്‍വീനര്‍ ഷൈജു ആന്റണി പറഞ്ഞു. പീഡനത്തിനിരായയ കന്യാസ്ത്രീക്ക് പിന്തുണയുമായി രൂപീകരിച്ച സംഘടനയാണിത്.

പീഡനം, അധികാര ദുര്‍വിനിയോഗം, കന്യാസ്ത്രീകളെ നിയമവിരുദ്ധമായ തടങ്കലിലിടല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിചാരണ നേരിട്ടുവരികയാണ് ഫ്രാങ്കോ മുളക്കല്‍. 2014നും 2016നുമിടയില്‍ തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന ഒരു കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് ഫ്രാങ്കോ അറസ്റ്റിലായത്.

Latest News