റിയാദ് - ലെബനോൻ പ്രധാനമന്ത്രി സഅദ് ഹരീരി രാജിവെച്ചു. സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നടന്ന പ്രത്യേക ചടങ്ങിലാണ് അദ്ദേഹം നാടകീയമായി രാജി പ്രഖ്യാപിച്ചത്. തന്റെ രാജി ലെബനീസ് പ്രസിഡന്റ് മൈക്കൽ ഔനിന് അയച്ചുകൊടുത്തതായും താൻ കൊല്ലപ്പെടുമെന്ന് ഭയമുള്ളതിനാലാണ് രാജിവെക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ 11 മാസം നീണ്ടുനിന്ന സഅദ് ഹരീരി സർക്കാർ വീണു. ഇറാന്റെ സ്വാധീനം ലെബനോനിൽ വർധിച്ചുവരികയാണെന്നും താൻ അധികാരത്തിൽ തുടർന്നാൽ തന്റെ പിതാവ് റഫീഖ് ഹരീരിയെ വകവരുത്തിയ പോലെ തന്നെയും വകവരുത്തുമെന്നും രാജി പ്രഖ്യാപിച്ച ശേഷം അദ്ദേഹം പറഞ്ഞു. അറബ് ലോകത്തെ നശിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. എല്ലാ അറബ് രാജ്യങ്ങളിലും അവർ വിധ്വംസക പ്രവർത്തനങ്ങൾ നടത്തി വരുന്നു.
എന്നാൽ ഇത് തങ്ങൾക്ക് തന്നെ തിരിച്ചടിയാവുമെന്ന് ഇറാൻ ഓർക്കണം. സിറിയയിലെയും ഇറാഖിലെയും യെമനിലെയും പ്രശ്‌നങ്ങൾക്ക് പിന്നിൽ ഇറാന്റെ കൈകളാണുള്ളത്. ലെബനോനിൽ അവർ ഹിസ്ബുല്ലയുമായി കൈകോർത്ത് ആഭ്യന്തര കലഹങ്ങൾ സൃഷ്ടിക്കുന്നു. മേഖലയുടെ സമാധാനാന്തരീക്ഷം അരക്ഷിതാവസ്ഥയിലാക്കാൻ ഹിസ്ബുല്ലയെ അനുവദിക്കില്ല. വിദേശ ഇടപെടലുകളെ ലെബനോൻ ജനത തളളിക്കളയുമെന്നാണ് എന്റെ പ്രതീക്ഷ. ഇതുവരെ സഹകരിച്ച എല്ലാവർക്കും നന്ദിയുണ്ട് -അദ്ദേഹം പറഞ്ഞു.2016 ഡിസംബർ 18 ന് സഅദ് ഹരീരിയെ പ്രധാനമന്ത്രിയായി പ്രസിഡന്റ് മൈക്കൽ ഔൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് അദ്ദേഹം ബെയ്‌റൂത്തിലെത്തി അധികാരമേറ്റെടുത്തത്. എന്നാൽ അദ്ദേഹത്തിന്റെ രണ്ടാം വരവിൽ ഹിസ്ബുല്ല കൂടുതൽ ശക്തി പ്രാപിച്ചിരുന്നു. ഇത് കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴി തുറന്നു. ഇതിന് മുമ്പ് 2009 ൽ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി ഫ്യൂച്വർ മൂവ്‌മെന്റ് വിജയിച്ചതിനെ തുടർന്ന് ഹിസ്ബുല്ലയുടെ പിന്തുണയോടെ അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തിയിരുന്നു. 2011 ൽ ഹിസ്ബുല്ല പിന്തുണ പിൻവലിച്ചതോടെ ഹരീരി സർക്കാർ നിലംപൊത്തി.2005 ൽ വാലന്റൈൻ ദിനത്തിൽ ബോംബ് സ്‌ഫോടനത്തിൽ അന്നത്തെ പ്രധാനമന്ത്രിയും സഅദ് ഹരീരിയുടെ പിതാവുമായ റഫീഖ് ഹരീരി കൊല്ലപ്പെട്ടത് സംബന്ധിച്ച വാദപ്രതിവാദങ്ങളാണ് സർക്കാരിന് പിന്തുണ പിൻവലിക്കുന്നതിലേക്ക് ഹിസ്ബുല്ലയെ കൊണ്ടെത്തിച്ചത്.