സ്വപ്‌നയുടെ വിവാദ ശബ്ദസന്ദേശത്തിനു പിന്നില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന തരത്തിലുള്ള ശബ്ദസന്ദേശം
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടേത് തന്നെയാണെന്നും ചോര്‍ത്തി പ്രചരിപ്പിച്ചതിനു പിന്നില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ശബ്ദസന്ദേശം തന്റേതാണെന്ന് കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്‌ന സമ്മതിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഉന്നത നിര്‍ദേശപ്രകാരം സ്‌പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഈ നീക്കത്തിനു നേതൃത്വം നല്‍കിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോണ്‍ സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു.

സ്വപ്ന കൊച്ചിയില്‍ ഇ.ഡി കസ്റ്റഡിയിലായിരിക്കെ, അഞ്ചു വനിതാ പോലീസുകാരാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരിലൊരാള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച ശേഷം ഫോണ്‍ സ്വപ്നയ്ക്കു കൈമാറുകയായിരുന്നു.  
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി വാഗ്ദാനം നല്‍കിയതായും കൃത്യമായി വായിച്ചുനോക്കാന്‍ സാവകാശം നല്‍കാതെ മൊഴിപ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്നതാണ് ശബ്ദരേഖ. ശബ്ദസന്ദേശം സ്വപ്‌നയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് ദക്ഷിണ മേഖല ജയില്‍ ഡിഐജി അജയകുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബ്ദവുമായി സാമ്യമുണ്ടെന്നും എന്നാല്‍ തന്റെ ശബ്ദമാണോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് സ്വപ്ന ഡി.ഐ.ജിക്ക് നല്‍കിയ മൊഴി.

 

Latest News