Sorry, you need to enable JavaScript to visit this website.

പെരുമാറ്റച്ചട്ടം ലംഘിച്ചില്ല, ലീഗിന്റെ അടിത്തറ തകരും-മുഖ്യമന്ത്രി

കണ്ണൂര്‍- തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ അടിത്തറ തകരുമെന്നും എല്‍.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. വോട്ട് രേഖപ്പെടുത്തിയ ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മനാടായ ധര്‍മടത്ത് ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളിലെ ബൂത്തിലാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
കോവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന പ്രസ്താവനയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമില്ലെന്ന് അദ്ദേഹം പറഞ്ഞു.
വേറേയൊന്നും വിളിച്ചുപറയാന്‍ ഇല്ലാത്തതു കൊണ്ടാണ് പ്രതിപക്ഷം ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുന്നത്. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് കോവിഡ് ചികിത്സ സൗജന്യമായുള്ളത്. അങ്ങനെയുള്ള സംസ്ഥാനത്ത് കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിനും സൗജന്യമായിരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

https://www.malayalamnewsdaily.com/sites/default/files/2020/12/14/cm2.jpg

എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഇടത് സര്‍ക്കാരിനെ നേരിടുകയാണെന്നു ഇതിനുവേണ്ട  എല്ലാ ഒത്താശകളും കേന്ദ്ര ഏജന്‍സികള്‍ ചെയ്തു കൊടുത്തുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. എല്‍ഡിഎഫ് ജയിക്കാന്‍ സാധ്യത ഇല്ലാതിരുന്ന പ്രദേശങ്ങളില്‍ പോലും ഇത്തവണ വന്‍ വിജയം നേടും- മുഖ്യമന്ത്രി പറഞ്ഞു.
ഒരു സര്‍ക്കാരിനെതിരെ ഇത്രയും കള്ളങ്ങളും നുണകളും പ്രചരിപ്പിക്കുന്നത് കണ്ട് രോഷത്തോടെ പ്രതികരിക്കാനാണ് ജനമൊന്നാകെ കൂടെ നില്‍ക്കുന്നത്. ഈ സര്‍ക്കാരിനെ ഏത് വിധേനയും ഒന്ന് തളര്‍ത്താനാകുമോ ഒന്ന് ക്ഷീണിപ്പിക്കാനാകുമോ  എന്നാണ് ചിലര്‍ നോക്കുന്നത്. അതിന് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും  രാഷ്ട്രീയ പ്രേരിതമായി   ശ്രമിക്കുകയാണ്. അന്വേഷണങ്ങളും കള്ള പ്രചാരണങ്ങളുമായി എന്തൊക്കെ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്.  16 ന് വോട്ടെണ്ണി കഴിയുമ്പോള്‍ അറിയാം ആരാണ് തളര്‍ന്നത്, ആരാണ് ഉലഞ്ഞത് എന്ന്. എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടും- അദ്ദേഹം പറഞ്ഞു.

 

Latest News