Sorry, you need to enable JavaScript to visit this website.

ഗൂഡല്ലൂര്‍ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ യുവാവ് സൗദിയില്‍ മരിച്ച നിലയില്‍

ജിസാന്‍- സൗദി അറേബ്യയിലെ ജിസാനില്‍ ഗൂഡല്ലൂര്‍ സ്വദേശിയും അക്കൗണ്ടന്റുമായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ജിസാനിലെ നദ അസീറാത്ത് കമ്പനി ജീവനക്കാരന്‍ ഗൂഡല്ലൂര്‍ ചെമ്പാല സ്വദേശി മുര്‍ശിദി(28) നെയാണ് കമ്പനി ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമൂഹിക സേവന രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം രിസാല സ്റ്റഡി സർക്കിള്‍ (ആര്‍.എസ്.സി) ജിസാന്‍  സെന്‍ട്രല്‍ കണ്‍വീനറായിരുന്നു.   
അഞ്ച് വര്‍ഷമായി ജിസാനിലുള്ള മുര്‍ശിദ് രണ്ടര വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. നാട്ടില്‍ പോകാനും വിവാഹം നടത്താനും ഒരുങ്ങുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.  

മിതഭാഷിയും തികഞ്ഞ ഭക്തനുമായ മുര്‍ശിദിനെ പറ്റി നല്ല വാക്കുകളെ അറിയുന്ന ആര്‍ക്കും പറയാനുള്ളൂ. കമ്പനി ജോലിക്കാരുടെ നമസ്‌കാരത്തിന് സ്ഥിരമായി നേതൃത്വം നല്‍കിയിരുന്നത് മുര്‍ശിദായിരുന്നു.

കെ.ബി.എം. ബാവയുടെ മകനാണ്. സഹോദരിമാര്‍- മുര്‍ശിദ, മുഹ്‌സിന.
സഹോദരി മുര്‍ശിദയുടെ ഭര്‍ത്താവ് ഇസ്ഹാഖ് ജിസാനിലുണ്ട്.

 

Latest News