Sorry, you need to enable JavaScript to visit this website.

കർഷകരില്ലെങ്കിൽ ഭക്ഷണമില്ല; ഐക്യദാർഢ്യവുമായി ലിസിപ്രിയ കാംഗുജം 

ലിസിപ്രിയ കാംഗുജം സിംഗുവിൽ കർഷക പ്രക്ഷോഭകർക്കൊപ്പം (ട്വിറ്റർ ഫോട്ടോ)

ന്യൂദൽഹി - കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി ഒമ്പതു വയസ്സുകാരിയായ പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കാംഗുജം. ലോകത്തെമ്പാടുമുള്ള കാലാവസ്ഥാ പരിസ്ഥിതി പ്രവർത്തകർ കർഷകർക്കൊപ്പമുണ്ടെന്ന് ലിസിപ്രിയ പറഞ്ഞു. 'കർഷകരില്ലെങ്കിൽ ഭക്ഷണമില്ല. നീതിയില്ലെങ്കിൽ വിശ്രമമില്ലെ'ന്നും കർഷക സമരത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ഇന്ത്യയുടെ ഗ്രേറ്റ തൻബർഗ് എന്ന വിശേഷണമുള്ള ലിസിപ്രിയ ട്വിറ്ററിൽ കുറിച്ചു.


കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഇര കർഷകരാണ്. വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, വെട്ടുകിളി ശല്യം തുടങ്ങിയവ അവരുടെ കൃഷി നശിപ്പിക്കുകയാണ്. പ്രതിസന്ധി കാരണം പ്രതിവർഷം ആയിരക്കണക്കിന് കർഷകരാണ് മരിക്കുന്നത്. നേതാക്കൾ കർഷകരുടെ ശബ്ദം കേൾക്കണം. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വൈക്കോൽ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ കത്തിക്കരുതെന്ന് ലിസിപ്രിയ കർഷകരോടും അഭ്യർത്ഥിച്ചു. 


ദൽഹിക്ക് സമീപം സിംഗു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ലിസിപ്രിയ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. എന്റെ ശബ്ദം ലോകമെങ്ങും കേൾക്കുമെന്ന് കരുതുന്നുവെന്ന് ലിസിപ്രിയ കുറിച്ചു. കർഷക സമരം നടക്കുന്ന അതിർത്തികളിൽ അതിശൈത്യത്തിലും മാതാപിതാക്കൾക്കും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പവും കഴിഞ്ഞ പതിനാല് ദിവസങ്ങൾ ചിലവഴിച്ച കുട്ടികളെ കണ്ടുവെന്നും കൈക്കുഞ്ഞുമായി സമരം ചെയ്യുന്ന കുടുംബത്തിനൊപ്പം നൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ലിസിപ്രിയ പറഞ്ഞു. 


മണിപ്പൂർ സ്വദേശിനിയായ ലിസിപ്രിയ കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും കഴിഞ്ഞ വർഷം പാർലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. കാലവസ്ഥ വ്യതിയാനത്തിന് പ്രത്യേക നിയമം രൂപീകരിക്കണം. സ്‌കൂളുകളിൽ കാലവസ്ഥ പഠനം നിർബന്ധമാക്കണം. ഓരോ വിദ്യാർഥിയും കുറഞ്ഞത് പത്തു മരങ്ങൾ എങ്കിലും നടണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പാർലമെന്റിനു പുറത്ത് ലിസിപ്രിയയുടെ പ്രകടനം. പ്രതിഷേധം ശ്രദ്ധയാകർഷിച്ചതോടെ ലിസിപ്രിയക്ക് ഇന്ത്യയുടെ ഗ്രേറ്റ തൻബർഗ് എന്ന പേരും കിട്ടി. പരിസ്ഥിതി സന്ദേശവുമായി ഇതിനോടകം 32 രാജ്യങ്ങൾ സന്ദർശിച്ചു. ലോകമൊട്ടാകെ നാനൂറോളം പരിപാടികളിലും പങ്കെടുത്തു സംസാരിച്ചിട്ടുണ്ട്. 


 

Latest News