ചെന്നൈ- വടക്ക് കിഴക്കൻ മൺസൂണിനെ തുടർന്ന് കനത്ത മഴ തുടരുന്ന ചെന്നൈയിൽ 10,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്ത് ആകെ 100 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ഇന്നലെ രാവിലെയും ശക്തമായ മഴയാണ് ചെന്നൈയിലുണ്ടായത്. ബുധനാഴ്ച മുതൽ തുടങ്ങിയ മഴ വ്യാഴാഴ്ച രാത്രിയായപ്പോഴേയ്ക്കും ശക്തി പ്രാപിക്കുകയായിരുന്നു. ഇതുവരെ 12 പേർ മരിച്ചിട്ടുണ്ട്.
നഗരത്തിന്റെ പല പ്രദേശങ്ങളും വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കഴിഞ്ഞ വർഷം നവംബർ എട്ടിനുണ്ടായതു പോലൊരു പ്രളയ ദുരന്തത്തെ ചെന്നൈ നിവാസികൾ മുന്നിൽ കാണുന്നുണ്ട്. സ്‌കൂളുകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. യൂണിവേഴ്‌സിറ്റി പരീക്ഷകളെല്ലാം മാറ്റിവച്ചു. ജീവനക്കാർക്ക് അവധി നൽകാൻ ഐ.ടി കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. തീര പ്രദേശങ്ങളിലാവും മഴ ശക്തി പ്രാപിക്കുക. മൺസൂൺ എത്തിയശേഷം ഒരാഴ്ച കൊണ്ട് 74 ശതമാനം മഴയാണ് തമിഴ്‌നാട്ടിൽ ലഭിച്ചത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി മാത്രം 140 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. പലയിടത്തും വൈദ്യുതി മുടങ്ങി. താംബരത്തെ സർക്കാർ ആശുപത്രിയിൽ താഴത്തെ നിലയിൽ വെള്ളം കയറിയതിനെ തുടർന്ന് രോഗികളെ രണ്ടാമത്തെ നിലയിലേക്ക് മാറ്റി.
റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടു. അതേസമയം വിമാന സർവീസുകളെ മഴ ബാധിച്ചില്ല. മറീന ബീച്ച് പൂർണമായും വെള്ളത്തിൽ മുങ്ങി. മഴക്കെടുതിയെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.
അതിനിടെ, ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ പൊലീസ് സേനയെ നടൻ കമൽ ഹാസൻ അനുമോദിച്ചു. പൂർണമായും വെള്ളത്തിലായ തെരുവുകളിൽ സഹായവുമായെത്തിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ സഹിതമാണ് കമൽ ഹാസന്റെ അനുമോദനം. സർക്കാർ സംവിധാനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്റെ ഫാൻസ് അസോസിയേഷൻ അംഗങ്ങളോടും ആരാധകരോടും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കമൽഹാസൻ ആഹ്വാനം ചെയ്തു.
കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ ഡ്യൂട്ടി ഇല്ലാതിരുന്നിട്ടു കൂടി സഹായവുമായെത്തിയ പൊലീസ് സേനയെ അഭിനന്ദിച്ചേ മതിയാകൂ. യൂണിഫോം ഇല്ലെങ്കിലും ഉണ്ടെങ്കിലും രാജ്യത്തിന്റെ നല്ല പൗരന്മാർ തിളങ്ങി നിൽക്കുക തന്നെ ചെയ്യും. ഇതു മാതൃകയാക്കി തമിഴ്‌നാട്ടിലെ മറ്റുള്ളവരും സഹായസന്നദ്ധരായി മുന്നിട്ടിറങ്ങണം–- കമൽഹാസൻ ട്വീറ്റു ചെയ്തു.






