Sorry, you need to enable JavaScript to visit this website.

യുപിയില്‍ ദളിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ സഹോദരങ്ങള്‍ വെടിവച്ചു കൊന്നു കുഴിച്ചുമുടി

ലഖ്‌നൗ- ദളിത് യുവാവിനെ വിവാഹം ചെയ്തതിന് സ്വന്തം സഹോദരിയെ വെടിവച്ചു കൊന്ന് വീട്ടുപറമ്പില്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ സഹോദരനടക്കം രണ്ടു പേരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ദളിത് സമുദായത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതാണ് സഹോദരങ്ങളെ ദുരഭിമാനക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കിഴക്കന്‍ ദല്‍ഹിയിലെ ത്രിലോക്പുരിയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചു വരികയായിരുന്ന ചാന്ദ്‌നി കശ്യപ് എന്ന 23കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് 25കാരന്‍ അര്‍ജുന്‍ കുമാര്‍ ഇവിടെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. 

ചാന്ദ്‌നിയുടെ സഹോദരങ്ങളായ സുനില്‍ (32), സുധീര്‍ (26) എന്നിവര്‍ നവംബര്‍ 17ന് ദല്‍ഹിയിലെത്തി ചാന്ദ്‌നിയെ നിര്‍ബന്ധിച്ച് സ്വന്തം നാടായ യുപിയിലെ മയിന്‍പുരിയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. നവംബര്‍ 20നാണ് യുവതിയെ സഹോദരങ്ങള്‍ വെടിവച്ചു കൊന്നത്. ശേഷം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ കുഴിച്ചു മൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നവംബര്‍ 22നാണ് ഭാര്യയെ തട്ടിക്കൊണ്ടു പോയതായി അര്‍ജുന്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാത വിവരം പുറത്തായത്. വെള്ളിയാഴ്ച ചാന്ദ്‌നിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

്അന്വേഷണത്തിന്റെ ഭാഗമായി മയിന്‍പുരിയിലെ കശ്യപ്‌നഗര്‍ ഗ്രാമത്തിലെ ചാന്ദ്‌നിയുടെ വീട്ടില്‍ പോലീസെത്തിയെങ്കിലും ചാന്ദ്‌നിയെ കണ്ടെത്താനായിരുന്നില്ല. അന്വേഷണത്തോട് കുടുംബവും സഹകരിച്ചില്ല. നാട്ടുകാരോട് അന്വേഷിച്ചെങ്കില്‍ തുമ്പ് ലഭിച്ചില്ല. ചാന്ദ്‌നിയെ വീട്ടിലെത്തിച്ചതായി അറിഞ്ഞിരുന്നെങ്കിലും അവളെ പുറത്ത് കണ്ടില്ലെന്ന് നാട്ടുകാര്‍ പോലീസിന് മൊഴിനല്‍കി. തുടര്‍ന്ന് വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സഹോദരന്‍ കൊലക്കുറ്റം സമ്മതിച്ചത്. കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് ജൂണിലാണ് ചാന്ദ്‌നി ദളിത് വിഭാഗത്തില്‍പ്പെട്ട അര്‍ജുനനെ വിവാഹം ചെയ്തത്.
 

Latest News