രാജസ്ഥാനില്‍ മന്ത്രവാദി ബാലികയെ ജീവനോടെ തീയിലിട്ട് കൊന്ന് ആത്മഹത്യ ചെയ്തു

ജയ്പൂര്‍- രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ മന്ത്രവാദം നടത്തുന്നയാള്‍ വഴിയിലൂടെ നടന്നു പോകുകയായിരുന്ന 10 വയസ്സുകാരിയെ പിടികൂടി തീയിലിട്ട് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുടേയും മധ്യവയസ്‌ക്കനായ കിസ്തുറാം ഭീല്‍ എന്ന മന്ത്രവാദിയുടേയും മൃതദേഹങ്ങള്‍ ഒരു തീക്കുഴിയില്‍ നിന്നു കണ്ടെത്തു. കൊലപാതകത്തിന് മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

മറ്റൊരു പെണ്‍കുട്ടിയെ കൂടി ഇയാള്‍ തീയിലേക്ക് വലിച്ചിടാന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ കുട്ടി രക്ഷപ്പെടുകയായിരുന്നുവെന്നും മരിച്ച പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടു പെണ്‍കുട്ടികളും അതുവഴി കടന്നു പോകുന്നതിനിടെ മന്ത്രവാദി പിടികൂടുകയായിരുന്നു. എന്നാല്‍ ഒരു പെണ്‍കുട്ടി കുതറിയൊടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴേക്കും പെണ്‍കുട്ടിയെ തീയിലിട്ട് കൊന്ന് മന്ത്രവാദി ആത്മഹത്യ ചെയ്തിരുന്നു.

ഇയാളുടെ വീട് പോലീസ് റെയ്ഡ് നടത്തി ആഭിചാര ക്രിയകള്‍ക്ക് ഉപയോഗിക്കുന്നവ എന്ന് സംശയിക്കുന്ന പല വസ്തുക്കളും കണ്ടെടുത്തു. പ്രഥമദൃഷ്ട്യാ കിസ്തുറാം ഭീല്‍ മന്ത്രവാദം നടത്തുന്നയാളാണെന്ന് വ്യക്തമായതായി ബാര്‍മര്‍ പോലീസ് സുപ്രണ്ട് ആനന്ദ് ശര്‍മ പറഞ്ഞു.
 

Latest News