പഴയങ്ങാടിയില്‍ ബസപകടം; അഞ്ച് മരണം, 10 പേര്‍ക്ക് പരിക്ക്

പഴയങ്ങാടി- ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിര്‍ത്തിയ ബസില്‍നിന്നിറങ്ങിയവരില്‍ അഞ്ച് പേര്‍ പിന്നാലെ വന്ന ബസിടിച്ച് മരിച്ചു. ഇന്നലെ രാത്രി ഏഴേ മുക്കാലോടെ പഴയങ്ങാടിക്കും പിലാത്തറക്കും മധ്യേ മണ്ടൂരിലാണ് അപകടം. പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍ അധ്യാപികയും ഏഴോം മൂല സ്വദേശിയുമായ പി.പി. സുബൈദ (45), മകന്‍ മുഫീദ് (18), ചെറുകുന്ന് അമ്പലപ്പുറം സ്വദേശി സുജിത്ത് പട്ടേരി (35) പാപ്പിനിശ്ശേരി റെയില്‍വേ ഗെയിറ്റിനു സമീപത്തെ കെ.മുസ്തഫ (48) പെരുമ്പ സ്വദേശി അബ്ദുല്‍ കരീം എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ പത്ത് പേരെ  പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് പഴയങ്ങാടി റൂട്ടിലോടുന്ന പൂമാല ബസ്സ് റോഡരികില്‍ നിര്‍ത്തിയിട്ട് ടയര്‍ മാറ്റുകയായിരുന്നു. ചില യാത്രക്കാര്‍ ടിക്കറ്റ് ചാര്‍ജ് തിരിച്ച് വാങ്ങുന്നുമുണ്ടായിരുന്നു. യാത്രക്കാര്‍ ഈ സമയം റോഡില്‍ നില്‍ക്കുകയായിരുന്നു. അമിത വേഗതയില്‍ പഴയങ്ങാടിയിലേക്ക് പോകുകയായിരുന്ന വിഗ്നേശ്വര ബസാണ് റോഡില്‍ നില്‍ക്കുകയായിരുന്നവരെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ പലരും മീറ്ററുകള്‍ക്കപ്പുറമാണ് തെറിച്ച് വീണത്. മഴ കാരണം റോഡില്‍ നിര്‍ത്തിയിട്ട ബസ് കാണാന്‍ കഴിയാത്തതാണ് അപകടത്തിന് കാരണമെന്ന് വിഗ്നേശ്വര ബസ്സിലെ ജീവനക്കാര്‍ പറഞ്ഞു.നാട്ടുകാരും പോലിസുമാണ് ശക്തമായ മഴയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ബസിലെ ഡ്രൈവറെ പോലിസ് കസ്റ്റഡിയിലെടുത്തു. പഴയങ്ങാടി സ്വദേശി പ്രതീഷിനെ(32)യാണ് പഴയങ്ങാടി പോലിസ് ക്‌സറ്റഡിയിലെടുത്തത്. പഴയങ്ങാടി റൂട്ടിലെ വിഗ്നേശ്വര ബസ്സിലെ ഡ്രൈവറാണ് കസ്റ്റഡിലായ പ്രതീഷ്. ഇയാളെ പഴയങ്ങാടി പോലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്.

നേരത്തെ സൗദിയിലുണ്ടായിരുന്ന മുസ്തഫ പെരിങ്ങോം സ്വദേശിയാണ്. ഭാര്യ: റഹീന. ദമാമിലുള്ള ഷബീര്‍, സൗബാനത്ത്, ഷംന, റിസ്‌വാന, സജ്‌ന എന്നിവര്‍ മക്കളാണ്. പാപ്പിനിശ്ശേരിയില്‍ താമസിക്കുന്ന ഇദ്ദേഹം പയ്യന്നൂരില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

 

 

 

 

Latest News