ദമാം- തദ്ദേശ തെരഞ്ഞെടുപ്പിന്റെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും വെൽഫെയർ പാർട്ടി പ്രവർത്തകർക്ക് നേരെ സി.പി.എം ഗുണ്ടകൾ നടത്തിയ ആക്രമണങ്ങളിൽ പ്രവാസി സാംസ്‌കാരിക വേദി ശക്തമായി പ്രതിഷേധിച്ചു. കുത്തക വാർഡുകളിലടക്കം നേരിടാൻ പോകുന്ന പരാജയഭീതി കാരണമാണ് ഈ ആക്രമണങ്ങൾ. ഇതിനെതിരെ പൊതുജനം ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് നേതാക്കൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. എറണാകുളം കളമശ്ശേരി നഗരസഭ പള്ളിലാംങ്കര എട്ടാം വാർഡിൽ സി.പി.എം ഗുണ്ടകൾ വെൽഫെയർ പാർട്ടി യൂനിറ്റ് പ്രസിഡന്റ് കോയാക്കുട്ടി, എം.എസ്.എഫ് കളമശ്ശേരി ടൗൺ മണ്ഡലം നേതാക്കളായ ഹാമിദ് ഹസൻ, സഹൽ എന്നിവരെ ക്രൂരമായി മർദിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും സി.പി.എമ്മിന്റെ നേതൃത്വത്തിൽ വലിയ ആക്രമണമാണ് അരങ്ങേറിയത്. പള്ളിയിൽനിന്നും നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ വെൽഫെയർ പാർട്ടി പ്രവർത്തകരായ നൗഷാദ്, യാസീൻ അദേഹത്തിന്റെ പിതാവ് എന്നിവരെ 50-ാളം വരുന്ന സി.പി.എം സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വെൽഫെയർ പാർട്ടി പ്രവർത്തകരെ ആക്രമിക്കുന്നതിനു വേണ്ടി സി.പി.എം സംഘം വീട് വളയുകയും ചെയ്തു. പാലക്കാട് ജില്ലയിൽ തെരഞ്ഞെടുപ്പ് ദിവസം പാർട്ടിയുടെ വനിതാ പ്രവർത്തകരെയടക്കം ഭീഷണിപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതാണ്.
മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയെയും പാർട്ടി പിന്തുണക്കുന്ന സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്ന് കിഴക്കൻ പ്രവിശ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി വോട്ടർമാരോട് അഭ്യർഥിച്ചു.