കോഴിക്കോട് - ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമാധാന പൂർണമായ തെരഞ്ഞെടുപ്പിനായി എല്ലാവരും സഹകരിക്കണം.
ഡിസംബർ 14 ന് രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറ് വരെയാണ് പോളിംഗ്. കൃത്യമായ മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടം നടത്തിയത്. പോളിംഗ് സ്റ്റേഷനുകൾ അണുവിമുക്തമാക്കും. 25,33,024 വോട്ടർമാരാണ് ഇക്കുറി വിധിനിർണയം നടത്തുന്നത്. ഇതിൽ 1,208,545 പുരുഷന്മാരും 1,324,449 സ്ത്രീകളും 30 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നു. 1064 പ്രവാസി വോട്ടർമാരുമുണ്ട്. 5,985 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
പട്ടികജാതി വിഭാഗത്തിൽ 284 പേരും പട്ടികജാതി വനിത വിഭാഗത്തിൽ 162 പേരും പട്ടികവർഗ വിഭാഗത്തിൽ മൂന്നു പേരുമാണ് വിവിധ മണ്ഡലങ്ങളിലായി ജനവിധി തേടുന്നത്. കോഴിക്കോട് കോർപറേഷനിൽ 350 മത്സരാർഥികൾ. ജില്ലാ പഞ്ചായത്തിലേക്ക് 102 പേരാണ് മത്സരിക്കുന്നത്. ഇതിൽ 47 പേർ പുരുഷന്മാരും 55 പേർ സ്ത്രീകളുമാണ്. ഏഴ് മുനിസിപ്പാലിറ്റികളിലായി 882 പേർ മത്സരിക്കുമ്പോൾ 146 പേർ മത്സരരംഗത്തുള്ള വടകരയിലാണ് ഏറ്റവും കൂടുതൽ പേരുള്ളത് 69 പുരുഷന്മാരും 77 സ്ത്രീകളും. കുറവ് 99 പേർ മത്സരിക്കുന്ന രാമനാട്ടുകരയിലാണ് 45 പുരുഷന്മാരും 54 സ്ത്രീകളും. 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 557 പേർ മത്സരിക്കുമ്പോൾ 4095 പേരാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3274 വോട്ടിംഗ് മെഷീനുകളാണ് സജ്ജമാക്കിയത്. പോളിംഗ് സ്റ്റേഷനുകൾ ഭിന്നശേഷി സൗഹൃദമാക്കി. ഓരോ വോട്ടറുടെയും സ്വകാര്യത ഉറപ്പുവരുത്തുന്ന വിധമാണ് വോട്ടിംഗ് കമ്പാർട്ട്‌മെന്റുകളുടെ സജ്ജീകരണം. ജില്ലയിലാകെ 2,987 ബൂത്തുകളാണുള്ളത്. ഏഴ് ക്രിട്ടിക്കൽ ബൂത്തുകൾ ഉൾപ്പെടെ 1000 പ്രശ്‌നബാധിത ബൂത്തുകൾ.
കോഴിക്കോട് ജില്ലാ റൂറൽ പരിധിയിലുള്ളത് 915 സെൻസിറ്റീവ് ബൂത്തുകളാണ്. നഗരപരിധിയിയിൽ 78 സെൻസിറ്റീവ് ബൂത്തുകളും നല്ലളം, ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകളുമാണ് ഉള്ളത്. പരിത ചട്ടം പാലിച്ച് 15 മാതൃകാ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. ജില്ലയിലുടനീളം ഹരിത ചട്ടം പാലിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കുക. തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി 1951 വാഹനങ്ങളാണ് സർക്കാർ വാഹനങ്ങൾക്ക് പുറമെ സജ്ജമാക്കിയത്.
ഡിസംബർ 13 ന് വൈകുന്നേരം മൂന്ന് മണി വരെയാണ് പ്രത്യേക ബാലറ്റ് വിതരണം ചെയ്യുന്നത്. കോവിഡ് സുരക്ഷക്കാവശ്യമായ പി.പി.ഇ കിറ്റ്, സാനിറ്റൈസർ, ഗ്ലൗസ്, മാസ്‌ക്, ഫേസ് ഷീൽഡ് എന്നിവ വിതരണം ചെയ്യുന്നതിനായി കൈമാറിയിട്ടുണ്ട്. ജില്ലയിൽ 17303 പോളിംഗ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. 14935 ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ ഉണ്ടാവും. 400 പേരടങ്ങിയ സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥരെയും വിനിയോഗിച്ചിട്ടുണ്ട്. 200 സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥരടങ്ങിയ ടീമാണ് ഉള്ളത്. ജില്ലയിൽ 91 പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തും. പോളിങ് ദിവസം മോക് പോളിങ് ആരംഭിക്കുന്നത് മുതൽ പോളിങ് അവസാനിക്കുന്നതു വരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും വെബ് കാസ്റ്റിംഗ് നിരീക്ഷണത്തിൽ ആയിരിക്കും. അടിയന്തര ഘട്ടങ്ങളിൽ പോളിംഗ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ ഫോറങ്ങൾ, മറ്റ് സാമഗ്രികൾ, മെഷീനുകൾ എന്നിവ കേടാവുന്ന സാഹചര്യത്തിൽ പകരം മെഷീനുകൾ എത്തിക്കുന്നതിനും, മാർക്ക്ഡ് കോപ്പി നൽകുന്നതിനും 20 ബൂത്തുകളിൽ ഒരാൾ എന്ന നിലയിൽ 168 സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ 13,042 നടപടികളാണ് സ്വീകരിച്ചത്. ചട്ടം ലംഘിച്ചു സ്ഥാപിച്ച ബോർഡ്, കൊടി, തോരണം, പോസ്റ്റർ, ബാനർ എന്നിവ ആന്റി ഡിഫെസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്യുന്നുണ്ട്. പെരുമാറ്റ ചട്ടലംഘനങ്ങൾ കണ്ടെത്താൻ അഞ്ച് ആന്റി ഡിഫെസ്‌മെന്റ് സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ജില്ലയിലെ മാധ്യമ സംബന്ധമായ കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കുന്നതിനായി ജില്ലാതല മീഡിയ റിലേഷൻസ് സമിതി പ്രവർത്തിച്ചു വരുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടികൾ നിരീക്ഷിക്കുന്നതിനും മോണിറ്ററിംഗ് ചെയ്യുന്നതിനും ജില്ലാതല കൺട്രോൾ റൂം കലക്ടറേറ്റിൽ ഇന്ന് മുതൽ പ്രവർത്തിക്കും.






