ന്യൂദല്‍ഹി- ക്രിസ്ത്യന്‍ പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് മാത്യു ടി മാത്തച്ചന്‍, സിവി ജോസ് എന്നിവർ നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ അധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുക.
കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നാണ് ആവശ്യം. ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന് വ്യക്തമാക്കുന്ന സഭാ ഭരണഘടനയിലെ ഏഴാം വകുപ്പ് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കപ്പെടുകയാണ്. കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതന്‍ മറ്റാരോടും പങ്കുവെയ്ക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇപ്പോള്‍ ഇത് ലംഘിക്കപ്പെടുന്നു, കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നു. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ പുരോഹിതരില്‍ പലരും കുമ്പസാര രഹസ്യം ഉപയോഗിക്കുന്നു. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാനും ചിലര്‍ കുമ്പസാര രഹസ്യങ്ങള്‍ മറയാക്കുന്നു. തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് റിട്ട് ഹരജി നല്‍കിയിരിക്കുന്നത്.






