റിയാദ് - ചെറുകിട സ്ഥാപനങ്ങളിലും ബിസിനസ് ക്ലസ്റ്ററുകളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന പുതിയ നിയമാവലി വൈകാതെ പുറത്തിറക്കാൻ ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി ആലോചിക്കുന്നു. സംരംഭകർക്ക് ആകർഷകമായ സാഹചര്യം ലഭ്യമാക്കിയും ബിസിനസ് എളുപ്പമാക്കിയും ചെലവുകൾ കുറച്ചും ബിസിനസ് ക്ലസ്റ്ററുകളിലും ചെറുകിട സ്ഥാപനങ്ങളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കാണ് ശ്രമം. ബിസിനസ് ക്ലസ്റ്ററുകളിൽ നിക്ഷേപങ്ങൾ നടത്താൻ സ്വകാര്യ മേഖലയെ നിയമാവലി അനുവദിക്കും. ലൈസൻസിന് അപേക്ഷിക്കുന്നത് കമ്പനിയോ യൂനിവേഴ്‌സിറ്റിയോ സർക്കാർ വകുപ്പോ സൊസൈറ്റിയോ ഫൗണ്ടേഷനോ ചെറുകിട, ഇത്തരം സ്ഥാപന അതോറിറ്റി ഡയറക്ടർ ബോർഡ് നിർണയിക്കുന്ന മറ്റു വകുപ്പുകളോ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
ചെറുകിട സ്ഥാപനങ്ങളുടെ വളർച്ചക്ക് പിന്തുണ നൽകൽ, സംരംഭകർക്ക് ആകർഷകമായ സാഹചര്യം ഒരുക്കൽ, ബിസിനസ് ആരംഭിക്കൽ എളുപ്പമാക്കൽ, ചെലവുകൾ കുറക്കൽ, നൂതന ആശയങ്ങൾക്ക് പിന്തുണ നൽകൽ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ എന്നിവയാണ് പുതിയ നിയമാവലിയിലൂടെ ലക്ഷ്യമിടുന്നത്. ബിസിനസ് ക്ലസ്റ്ററുകളുടെയും ആക്‌സലറേറ്ററുകളുടെയും സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്കും ബിസിനസ് ക്ലസ്റ്റർ, ആക്‌സലേറ്റർ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കും പുതിയ നിയമാവലി ബാധകമായിരിക്കും. കാലാവധിയുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ, പ്രവർത്തന പദ്ധതി സമർപ്പിക്കൽ അടക്കമുള്ള വ്യവസ്ഥകൾ പാലിക്കുന്നവർക്ക് തൽക്ഷണം ലൈസൻസ് നൽകാനാണ് നിയമാവലിയിലൂടെ ലക്ഷ്യമിടുന്നത്.