മലപ്പുറം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെതിരെ ഒരു പെണ്‍കുട്ടി കൂടി പരാതി നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കൂടുതല്‍ പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി പോലീസ് സംശയിക്കുന്നു. കൂടുതല്‍ പെണ്‍കുട്ടികള്‍ യുവാവിന്റെ സൗഹൃദവലയത്തിലുണ്ട്.
അറസ്റ്റിലായ പൊന്നാനി ടി.ബി ആശുപത്രി ബീച്ചില്‍ മാറാപ്പിന്റകത്ത് വീട്ടില്‍ ജാബിറിനെതിരെ (21) കൊണ്ടോട്ടി മേഖലയിലെ പതിനാലുകാരിയാണ് പുതിയ പാരാതി നല്‍കിയത്.
പതിനാറുകാരിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞ ഞായറാഴ്ച നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ജാബിര്‍ പിടിയിലായത്. കോട്ടക്കലില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ജാബിറിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതും അറസ്റ്റിലായതും. കോടതിയില്‍ ഹാജരാക്കിയ ജാബിര്‍ റിമാന്‍ഡിലാണ്.
യുവാവിന്റെ ഫോണില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളുടെ വിലാസവും നഗ്‌നചിത്രങ്ങളും വിഡിയോകളും കണ്ടെത്തിയിരുന്നു.
രണ്ട് പെണ്‍കുട്ടികളില്‍നിന്നായി ജാബിര്‍ രണ്ട് ജോഡി കമ്മല്‍, ഒരു മോതിരം, ഒരു മാല എന്നിവ കൈക്കലാക്കിയിരുന്നതായും പോലീസ് പറഞ്ഞു. ഒമ്പതാം ക്ലാസ് വരെ പഠിച്ച യുവാവ് ബൈക്കില്‍ കറങ്ങാനും ആര്‍ഭാടജീവിതം നയിക്കാനുമാണ് പെണ്‍കുട്ടികളുടെ സ്വര്‍ണം കൈക്കലാക്കിയിരുന്നത്.






