റിയാദ്- സൗദി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സുബൈർ കുഞ്ഞു ഫൗണ്ടേഷന് യു.എൻ.ഒ.ഡി.സിയുടെ അംഗീകാരം. കഴിഞ്ഞ 8 വർഷമായി അന്താരാഷ്ട്ര തലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനം നടത്തിവരുന്ന സുബൈർ കുഞ്ഞു ഫൗണ്ടേഷന് യു.എൻ.ഒ.ഡി.സിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സംഘടനകളുടെ പൊതുവേദിയിൽ അംഗത്വം ലഭിച്ചു.
ഇതോടൊപ്പം ലോകാരോഗ്യ സംഘടനയുടെ ലഹരി വിരുദ്ധ പ്രവർത്തന സന്നദ്ധ സംഘടനാ പട്ടികയിലും ഫൗണ്ടേഷൻ ഇടം നേടി. അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന 362 എൻ.ജി.ഒകൾക്കാണ് നിലവിൽ യു.എൻ.ഒ.ഡി.സി അംഗീകാരമുള്ളത്. ഇതിൽ ഇന്ത്യയിൽ നിന്നുള്ള പതിനാറാമത്തേയും കേരളത്തിൽ നിന്നുള്ള ആദ്യ സംഘടനയുമാണ് സുബൈർ കുഞ്ഞു ഫൗണ്ടേഷൻ. വിവിധ അന്താരാഷ്ട്ര ലഹരിവിരുദ്ധ സംഘടനകൾക്കൊപ്പം ലോക നിലവാരത്തിൽ പ്രവർത്തിക്കുവാനും പരസ്പരം ആശയ വിനിമയം നടത്തുവാനും ഉള്ള അവസരമാണ് ഇതോടെ ഫൗണ്ടേഷന് ലഭിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാനും തങ്ങൾ നടത്തി വരുന്ന പരിപാടികൾ അന്താരാഷ്ട്ര തലത്തിലെത്തിക്കുവാനും പ്രതിജ്ഞാബദ്ധമാണെന്നും അതിനായി റിസോർസ് ടീമിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുമെന്നും ചെയർമാൻ ഡോ.അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടന്റ് ഡോ. എ.വി ഭരതൻ എന്നിവർ അറിയിച്ചു.
റിയാദിൽ വിളിച്ചു ചേർത്ത റിസയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഡോ.നസീം അക്തർ ഖുറൈശി, ഡോ.ജോഷി ജോസഫ്, നിസാർ കല്ലറ, മീര റഹ്മാൻ, പദ്മിനി യു.നായർ, അഡ്വ.അനീർ ബാബു, സനൂപ് അഹമ്മദ്, ഹാഷിം ഇടിഞ്ഞാർ, അക്ബർ അലി എന്നിവർ പങ്കെടുത്തു. ശിഹാബ് കൊട്ടുകാട്, അഷ്റഫ് വി.എം (ന്യൂ സഫാമക്ക പോളിക്ലിനിക്), ഉണ്ണി നായർ, അബ്ദുൽ റഹ്മാൻ, ജഹീർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു. കേരള സ്റ്റേറ്റ് കോ-ഓർഡിനേറ്റർ കരുണാകരൻപിള്ള, ജോർജുകുട്ടി മക്കുളത്ത്, ജുബൈൽ സോണൽ കൺവീനർ ഷമീർ യൂസുഫ്, പ്രതിനിധികളായ നൂഹ് പാപ്പിനിശ്ശേരി, സഫയർ മുഹമ്മദ് എന്നിവർ സൂമിലൂടെ പങ്കെടുത്തു.
സൗദി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ 'റിസ' ഇതിനകം സ്‌കൂളുകൾ, പോളിക്ലിനിക്കുകൾ, ലേബർ ക്യാമ്പുകൾ, ഷോപ്പിംഗ് മാളുകൾ, വിവിധ പ്രവാസി കൂട്ടായ്മകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് 91 പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
റിസക്ക്-2013 മുതൽ തന്നെ സൗദി മയക്കുമരുന്ന് നിയന്ത്രണ സമിതിയുടെ അംഗീകാരമുണ്ട്. ആയിരക്കണക്കിന് കുട്ടികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓൺലൈൻ ലഹരി വിരുദ്ധ പ്രവർത്തക പരിശീലന പരിപാടിയുടെ തയാറെടുപ്പിലാണ് റിസ ഇപ്പോൾ.