റോം- ഐ.എസ് ഭീകരർക്ക് കടത്താനെന്ന് സംശയിക്കുന്ന 2.4 കോടി വരുന്ന വേദനസംഹാരി ഗുളികകൾ പിടികൂടി. ഇന്ത്യയിൽനിന്ന് കയറ്റി അയച്ച ട്രഡമോൾ ഇറ്റലിയിലെ ജോയ് യ തുറമുഖത്ത് പിടികൂടിയത്. അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ പിന്തുണയോടെയാണ് മരുന്നുകൾ പിടികൂടിയത്. ശക്തമായ കസ്റ്റംസ് പരിശോധന നടക്കുന്ന തുറമുഖങ്ങളിലൊന്നാണ് ജോയ് യ തുറമുഖം. ഇതുവഴി മരുന്നുകടത്താനുള്ള നീക്കം കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചിട്ടുണ്ട്.
ഏറെ ഫലപ്രദമെന്ന് കരുതുന്ന വേദനസംഹാരിയാണ് ട്രഡമോൾ. ഒരു ഗുളികകക്ക് 150 രൂപയാണ് ഏകദേശം വില. ഇറ്റലിയിൽനിന്ന് ലിബിയയിലേക്ക് കടത്താനാണ് ഈ മരുന്നുകൾ എത്തിച്ചിരുന്നത്. ലോകത്തെ മിക്കവാറും ഭീകരസംഘടനകൾ ഉപയോഗിക്കുന്ന ഗുളിക കൂടിയാണിത്. കുറഞ്ഞ വിലയും എളുപ്പത്തിൽ ഫലം ലഭിക്കുമെന്നതുമാണ് ഇതിനെ തീവ്രവാദി സംഘടനകളുടെ ഇഷ്ടമരുന്നാക്കുന്നത്. ഡോക്ടർമാരുടെ കർശന നിർദ്ദേശം അനുസരിച്ച് മാത്രമേ ഇത്തരം ഗുളികകൾ ഉപയോഗിക്കാൻ പാടുള്ളൂ. ഇറ്റലിയിലെ കുപ്രസിദ്ധരായ ന്ദ്രഗേറ്റ എന്ന സംഘത്തിന് ഐ.എസുമായി ബന്ധമുണ്ടെന്ന ആരോപണത്തിനും ഇതോടെ ബലം വെച്ചിട്ടുണ്ട്. ഇറ്റാലിയൻ സംഘത്തിന്റെ സഹായമില്ലാതെ ഇതുവഴി മരുന്നുകടത്താനാകില്ല.