Sorry, you need to enable JavaScript to visit this website.

ജനാധിപത്യമെന്ന ശത്രു  

ജനാധിപത്യവും പരിഷ്‌കരണവും ഇരുവശങ്ങളിലേക്കും  മുഖം തിരിച്ചുനിൽക്കുന്ന രണ്ട് കാര്യങ്ങളാണെന്ന നീതി ആയോഗ് മേധാവി അമിതാഭ് കാന്തിന്റെ കാഴ്ചപ്പാട് വികലമാണ്. പരിഷ്‌കരണവും ജനാധിപത്യവും രണ്ടു വഴിക്കാണ് സഞ്ചരിക്കുന്നതെന്ന് പറയുന്നവർ തിരസ്‌കരിക്കുന്നത് കൂടിയാലോചനകളുടേയും നൂതനാശയങ്ങളുടേയും പരസ്പര സംഭാഷണത്തിന്റേതുമായ സുതാര്യ ലോകത്തെയാണ്. എല്ലാം രഹസ്യമായും ഇരുട്ടിലും നടക്കേണ്ടതാണെന്ന് കരുതുന്നത് നല്ല രാജ്യതന്ത്രജ്ഞതയല്ല.

 

ഒരു ചെറിയ കഥ പറയാം:
സ്വകാര്യ വ്യക്തിയുടെ പറമ്പിന് നടുവിലൂടെ മുതലാളിക്ക് കാറ് പോകാൻ വഴി വേണം. ഉള്ള പുരയിടം വഴിവെട്ടാൻ തരാനാവില്ലെന്ന് നാട്ടുകാരൻ. മുതലാളി പലവിധ സ്വാധീനങ്ങളുപയോഗിച്ച് ബലമായി വഴിവെട്ടാൻ ശ്രമിച്ചു. നാട്ടുകാരൻ പഞ്ചായത്തിലും പോലീസിലും ഒടുവിൽ കോടതിയിലുമെത്തി. വഴി വെട്ടാൻ പറ്റില്ലെന്ന് കോടതി. സർക്കാരും കോടതിയുമൊക്കെ ഉള്ളതുകൊണ്ട്, നാട്ടിൽ വികസനം വരുന്നില്ലെന്നും താൻ വഴി വെട്ടിയിരുന്നെങ്കിൽ നാട് വികസിച്ചേനേയെന്നും മുതലാളിയുടെ പരിദേവനം. ഏകാധിപത്യവും മുഷ്‌കുമുണ്ടെങ്കിൽ വികസനം വരുത്താമെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ആരുടെ വികസനം എന്ന് ചോദിക്കരുത്.


നീതിയും നിയമ വാഴ്ചയും പുലരുന്ന ഒരു ജനാധിപത്യ രാജ്യത്ത് അന്യരുടെ അവകാശങ്ങൾ ഹനിച്ചും സ്വന്തം താൽപര്യം സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് മുതലാളിയുടെ വാക്കുകളിൽ കാണുന്നത്. രാജ്യത്തിന്റെ സാമ്പത്തിക-വികസനാസൂത്രണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു എന്ന് നാം കരുതുന്ന നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തിലൂടെ പ്രസരിക്കുന്നതും ഈ അമിതാധികാര പ്രവണതയാണ്. രാജ്യത്ത് പരിഷ്‌കരണങ്ങളും വികസനവും വൈകുന്നതും വരാത്തതും അമിതമായ ജനാധിപത്യം മൂലമാണെന്നാണ് ടിയാൻ കണ്ടുപിടിച്ചിരിക്കുന്നത്. ജനാധിപത്യവും ജുഡീഷ്യറിയുമൊന്നുമില്ലായിരുന്നെങ്കിൽ എല്ലാ തോന്നിവാസവും വൃത്തിയായി നടപ്പാക്കാമായിരുന്നു. 


സർക്കാരും രാജ്യത്തെ അന്നദാതാക്കളായ കർഷകരും മുഖത്തോടുമുഖം നിൽക്കുന്ന ചരിത്ര സന്ദർഭത്തിലാണ് ഒട്ടും കാന്തിയില്ലാത്ത, കാന്തിന്റെ അമിത പ്രയോഗം. 14 ദിവസമായി ദൽഹിയിലുടെ അതിരുകളിൽ കടുത്ത തണുപ്പും അതിജീവിച്ച് തമ്പടിച്ചിരിക്കുകയാണ് കർഷകർ. രണ്ടിലൊന്ന് അറിഞ്ഞിട്ടു വേണം അവർക്ക് മടക്കം. ജനാധിപത്യ സ്ഥാപനങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ, രാജ്യത്തെ അന്നമൂട്ടുന്നവരുടെ വയറ്റിലും കൈവെച്ചിരിക്കുന്ന നിർണായക സന്ദർഭത്തിൽ, അമിതാഭ് കാന്തിന്റേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമായിരിക്കില്ല. ജനാധിപത്യത്തെ ഒരു ശല്യമായിക്കാണുന്ന, കോടതികളെ പ്രതിബന്ധമായി കണക്കാക്കുന്ന, മനുഷ്യാവകാശങ്ങളെ നിസ്സാരവത്കരിക്കുന്ന ഹിംസാത്മക ഹിന്ദുത്വത്തിന്റെ ശബ്ദം തന്നെയാണ് അദ്ദേഹത്തിന്റെ നാവിലൂടെ പ്രതിധ്വനിച്ചത്. അത് തള്ളിപ്പറയാൻ ഉത്തരവാദിത്തമുള്ള ഒരു ഭരണകക്ഷി നേതാവും തയാറായില്ല എന്നുകൂടി ഓർക്കുക. 


അമിതാഭ് പ്രയോഗിച്ച പരിഷ്‌കരണം എന്ന പ്രയോഗം കർഷക സമരത്തിന്റെ ഈ പശ്ചാത്തലത്തിൽ വളരെ അർഥമുള്ളതാണ്, കാരണം കാർഷിക പരിഷ്‌കരണത്തിന് വേണ്ടിയാണ് മൂന്ന് ബില്ലുകൾ കൊണ്ടുവന്നതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ തങ്ങളുടെ അവകാശങ്ങളും വരുമാനവും ഇല്ലാതാക്കാനും അധ്വാനത്തിന്റെ വില കോർപറേറ്റ് സ്ഥാപനങ്ങൾക്ക് പതിച്ചുകൊടുക്കാനുമാണ് സർക്കാരിന്റെ ശ്രമമെന്ന് കർഷകർ തിരിച്ചറിഞ്ഞിരിക്കുന്നു. റിലയൻസിന്റെ മാളുകൾ ബഹിഷ്‌കരിക്കാനുള്ള കർഷകരുടെ തീരുമാനം ഈ നഗ്ന യാഥാർഥ്യം തിരിച്ചറിഞ്ഞതിന്റെ ഫലമാണ്. സഖ്യകക്ഷികളുമായോ പ്രതിപക്ഷവുമായോ കർഷക സംഘടനകളുമായോ അവരുടെ പ്രതിനിധികളുമായോ കാർഷിക വിദഗ്ധരുമായോ ഒന്നും ചർച്ച ചെയ്യാതെയും കൂടിയാലോചിക്കാതെയും ബി.ജെ.പി ഒറ്റക്ക് പാർലമെന്റിലൂടെ ഇടിച്ചിറക്കിയ ഒരു നിയമമാണിത്. അതുകൊണ്ടാണ് സഖ്യകക്ഷിയായ ശിരോമണി അകാലിദൾ പോലും ഈ തീരുമാനത്തിനെതിരായത്. അതായത് അമിതാഭ് പറഞ്ഞ ജനാധിപത്യത്തിന്റെ ഒരു പടിവാതിലിലും എത്തിനോക്കാതെയാണ് ഈ നിയമം പ്രാബല്യത്തിലായത്. ജനാധിപത്യത്തെ മാനിക്കുന്ന ഒരു സർക്കാരായിരുന്നെങ്കിൽ പാർലമെന്റിൽ വിശദമായ ചർച്ചക്ക് വെക്കുകയോ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയക്കുകയോ ഒക്കെ ചെയ്തുകൊണ്ട്, ഈ ബില്ലിൽ കർഷക താൽപര്യം സംരക്ഷിക്കാനുള്ള ശ്രമമെങ്കിലും നടത്തുമായിരുന്നു. അമിതമായ ജനാധിപത്യമല്ല, സാധാരണ നിലയിലുള്ള ജനാധിപത്യം പോലും ഈ നിയമത്തിന്റെ രൂപീകരണത്തിലുണ്ടായില്ല എന്നതാണ് അമിതാഭ് കാന്ത് മനസ്സിലാക്കേണ്ടത്. 


ഏകാധിപത്യത്തെ പൂജിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരും ജഡ്ജിമാരുമൊക്കെയാണ് നമ്മുടെ രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളേയും നീതിനിർവഹണത്തേയുമൊക്കെ ഇല്ലാതാക്കുന്നത്. ജനാധിപത്യത്തോട് തരിമ്പും താൽപര്യമില്ലാത്ത സംഘ്പരിവാർ യജമാനൻമാരെ പ്രീതിപ്പെടുത്തുകയെന്നതാവും അങ്ങേയറ്റം അസഹിഷ്ണുതയോടെയുള്ള അമിതാഭ് കാന്തിന്റെ അഭിപ്രായ പ്രകടനം. സമീപകാല ചരിത്രത്തിലൊന്നും ഇത്രയും ഭീകരമായ ഒരു അഭിപ്രായ പ്രകടനം രാജ്യത്തുണ്ടായിട്ടില്ല എന്ന് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നതും മറ്റൊന്നും കൊണ്ടല്ല.


അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കർഷക സമരത്തെ അപകീർത്തിപ്പെടുത്തിയും കർഷകർക്കിടയിൽ ഭിന്നത സൃഷ്ടിച്ചും സമരം പൊളിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ശക്തമായി തുടരുകയാണ്. 350 രൂപക്ക് ആളെ ഇറക്കിയാണ് സമരക്കാർ റാലി നടത്തുന്നതെന്ന ജുഗുപ്‌സാവഹമായ ആരോപണം ചില വ്യാജ വീഡിയോ ചിത്രങ്ങളുടെ അകമ്പടിയോടെ സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു. കർഷകരെ അവഹേളിക്കുന്ന ഇത്തരം പല പൊടിക്കൈകളും സർക്കാർ അനുകൂല ഗ്രൂപ്പുകൾ പയറ്റുകയാണ്. രാജ്യത്തെ ഊട്ടുന്നവരെയാണ് ഇപ്രകാരം അപമാനിക്കുന്നതെന്നോർക്കണം. ജയ് ജവാൻ, ജയ്കിസാൻ എന്ന മുദ്രാവാക്യം അഭിമാനത്തോട ഉയർത്തിയവരാണ് നമ്മൾ. അതിർത്തി കാക്കുന്നവരെ സല്യൂട്ടടിക്കുകയും രാജ്യത്തെ ഊട്ടുന്നവരെ അവഹേളിക്കുകയും ചെയ്യുന്നവർക്ക് ജവാനും കിസാനും ഈ രാജ്യത്തിന് നൽകുന്ന സേവനങ്ങളെക്കുറിച്ച് അറിയില്ല. ഇന്ത്യയുടെ ഭക്ഷ്യ സ്വയംപര്യാപ്തതയുടെ ശിൽപികളാണ് വയലേലകളിൽ പണിയെടുക്കുന്ന കർഷക സമൂഹം. അവർക്ക് ആവശ്യമായ സഹായം ചെയ്തുകൊടുത്തില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാനുള്ള വിവേകമെങ്കിലും ഈ സർക്കാർ കാട്ടണം.


ജനാധിപത്യവും പരിഷ്‌കരണവും ഇരുവശങ്ങളിലേക്കും മുഖം തിരിച്ചുനിൽക്കുന്ന രണ്ട് കാര്യങ്ങളാണെന്ന നീതി ആയോഗ് മേധാവിയുടെ കാഴ്ചപ്പാട് തന്നെ വികലമാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ, നിരവധി വർഷങ്ങൾ, കേരളത്തിലടക്കം സേവനമനുഷ്ഠിച്ച, അമിതാഭ് കാന്തിനെപ്പോലെ ഒരാൾക്ക് നമ്മുടെ ജനാധിപത്യത്തിന്റേയും ഫെഡറലിസത്തിന്റേയും മഹത്വം മനസ്സിലാകാത്തത് അത്ഭുതകരമാണ്. പരിഷ്‌കരണവും ജനാധിപത്യവും രണ്ടു വഴിക്കാണ് സഞ്ചരിക്കുന്നതെന്ന് പറയുന്നവർ തിരസ്‌കരിക്കുന്നത് കൂടിയാലോചനകളുടേയും നൂതനാശയങ്ങളുടേയും പരസ്പര സംഭാഷണത്തിന്റേതുമായ സുതാര്യ ലോകത്തെയാണ്. എല്ലാം രഹസ്യമായും ഇരുട്ടിലും നടക്കേണ്ടതാണെന്ന് കരുതുന്നത് നല്ല രാജ്യതന്ത്രജ്ഞതയല്ല. അധികാരത്തിന്റെ ഇടനാഴികളിൽ ഇത്തരം കാഴ്ചപ്പാടുകൾക്ക് പിന്തുണയും ബലവും ലഭിക്കുകയാണെങ്കിൽ ഇന്ത്യയെന്ന വൈവിധ്യത്തിന്റെ അന്ത്യമാകുമത്. വൈവിധ്യത്തെ അംഗീകരിക്കാത്ത ഒരു പ്രത്യയശാസ്ത്രത്തിന് ചേർന്ന വിധത്തിലാണ് നീതി ആയോഗ് മേധാവി സംസാരിച്ചത്. 


വാസ്തവത്തിൽ അമിത ജനാധിപത്യമല്ല ഇന്ത്യയുടെ പ്രശ്‌നം. ആവശ്യത്തിന് ജനാധിപത്യം ഇല്ലാത്തതാണ്. കർഷക സമരത്തെ സംബന്ധിച്ച് ഇത് കൂടുതൽ ശരിയാണ്. ജനാധിപത്യ കാഴ്ചപ്പാടോടെയുള്ള ഒരു തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിരുന്നതെങ്കിൽ കർഷകർക്ക് പാടങ്ങൾ വിട്ട് ദൽഹിയിലെ ഹൈവേകളിൽ തമ്പടിക്കേണ്ടി വരുമായിരുന്നില്ല. ജനാധിപത്യത്തെ നോക്കുകുത്തിയാക്കുകയും നിയമസഭകളേയും പാർലമെന്റിനേയുമൊക്കെ അധികാരവും പണവുമുപയോഗിച്ച് വിലയ്ക്ക് വാങ്ങാമെന്ന് പലവട്ടം തെളിയിക്കുകയും ചെയ്ത ചാണക്യന്മാർ അധികാരത്തിലിരിക്കുമ്പോൾ ഇത്തരം വിടുവായത്തങ്ങൾ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് വന്നില്ലെങ്കിലോ അത്ഭുതമുള്ളൂ. പക്ഷേ അടിയന്തരാവസ്ഥയിൽ കണ്ടതുപോലെ, എല്ലാ ജനാധിപത്യ ധ്വംസനങ്ങളേയും അതിജീവിക്കാനും പരാജയപ്പെടുത്താനുമുള്ള  സ്വാഭാവിക ശേഷി ഈ രാജ്യത്തിന്റെ സിരകളിൽ അടങ്ങിയിട്ടുണ്ട് എന്ന് ഏകാധിപത്യത്തിന്റെ ആരാധകർ മനസ്സിലാക്കുന്നത് നന്ന്.

 

Latest News