തിരുവനന്തപുരം- തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയഭീതിമൂലം കേരളത്തിൽ പല സ്ഥലങ്ങളിലും വെൽഫെയർ പാർട്ടി പ്രവർത്തകർക്ക് നേരെ സി.പി.എം ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം അഴിച്ചു വിടുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. കളമശ്ശേരി നഗരസഭയിലെ പള്ളിലാംങ്കര 8-ാം വാർഡിൽ സി.പി.എമ്മിന്റെ ഗുണ്ടകൾ വെൽഫെയർ പാർട്ടി യൂനിറ്റ് പ്രസിഡന്റ് കോയാക്കുട്ടി, എം.എസ്.എഫ് കളമശ്ശേരി ടൗൺ മണ്ഡലം നേതാക്കളായ ഹാമിദ് ഹസൻ, സഹൽ എന്നിവരെ ക്രൂരമായി മർദിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും സി.പി.എമ്മിന്റെ നേതൃത്വത്തിൽ വലിയ ആക്രമണമാണ് അരങ്ങേറിയത്. പള്ളിയിൽ നിന്നും നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ വെൽഫെയർ പാർട്ടി പ്രവർത്തകരായ നൗഷാദ്, യാസീൻ അദേഹത്തിന്റെ പിതാവ് എന്നിവരെ 50 ഓളം വരുന്ന സി.പി.എം സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയും വെൽഫെയർ പാർട്ടി പ്രവർത്തകരെ ആക്രമിക്കുന്നതിനു വേണ്ടി സി.പി.എം സംഘം വീട് വളഞ്ഞിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 8 (പേട്ട), 9 (വട്ടകപ്പാറ) വാർഡുകളിൽ വെൽഫെയർ പാർട്ടി മത്സരരംഗത്ത് സജീവമായിരുന്നു. വെൽഫെയർ പാർട്ടിയുടെ ജയസാധ്യത സി.പി.എം കേന്ദ്രങ്ങളിൽ സൃഷ്ടിച്ച പരാജയ ഭീതിയാണ് ഇത്തരത്തിലെ അക്രമ രാഷ്ട്രീയത്തിലേക്ക് അവരെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.