പാലക്കാട് ജില്ലയിൽ 77.98 ശതമാനം പോളിംഗ്‌


പാലക്കാട് -  ജില്ലയിൽ മികച്ച പോളിംഗ്. 77.98 ശതമാനം പേരാണ് ജില്ലയിൽ സമ്മതിദാനാവകാശം ഉപയോഗിച്ചത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അവസാന കണക്കെടുപ്പിൽ അൽപം കൂടി മാറ്റം ഉണ്ടാകും. ചിലയിടങ്ങളിൽ രാത്രി എട്ടു മണിക്ക് ശേഷവും വോട്ടിംഗ് നടക്കുന്നുണ്ട്.  
ജില്ലയിൽ ആെകയുള്ള 2337412 വോട്ടർമാരിൽ 1822748 പേർ വോട്ട് പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ട്. പുരുഷ വോട്ടർമാരിൽ 78.33 ശതമാനവും സ്ത്രീ വോട്ടർമാരിൽ 77.66 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. 20 ട്രാൻസ് ജെന്റർ വോട്ടർമാരിൽ നാലു പേർ വോട്ട് ചെയ്തു. കാര്യമായ അനിഷ്ട സംഭവങ്ങൾ എങ്ങും റിപ്പോർട്ട് ചെയ്തിട്ടില്ല. യന്ത്രത്തകരാർ മൂലം പലയിടങ്ങളിലും വോട്ടിംഗ് തടസ്സപ്പെട്ടുവെങ്കിലും അത് പരിഹരിച്ച് മുന്നോട്ട് പോയി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വോട്ടെടുപ്പ് എന്നതിനാൽ മുൻവർഷങ്ങളിലേക്കാൾ സമയമെടുത്താണ് ഓരോ വോട്ടും രേഖപ്പെടുത്തപ്പെട്ടത്. അതുമൂലം മിക്കയിടത്തും വലിയ ക്യൂവാണ് രൂപപ്പെട്ടത്. 
വാശിയേറിയ പോരാട്ടം നടന്ന ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്. 82 ശതമാനം. കുറവ് മലമ്പുഴയിൽ- 75.44 ശതമാനം. മറ്റ് ബ്ലോക്ക് പഞ്ചായത്ത് പരിധികളിലെ വോട്ടിംഗ് ശതമാനം ഇങ്ങനെ- കുഴൽമന്ദം- 79.61, കൊല്ലങ്കോട്- 80.46, തൃത്താല- 76.16, ആലത്തൂർ- 79.06, നെന്മാറ- 81.53, പട്ടാമ്പി- 77.97, ഒറ്റപ്പാലം- 77.55, ശ്രീകൃഷ്ണപുരം- 79.66, മണ്ണാർക്കാട്- 78.64, അട്ടപ്പാടി- 76.18, പാലക്കാട്- 77.83.
നഗരസഭകളിൽ ചിറ്റൂർ- തത്തമംഗലത്താണ് കൂടുതൽ പോളിംഗ് നടന്നത്- 81.58 ശതമാനം. ശക്തമായ ത്രികോണ മൽസരം നടന്ന പാലക്കാട് നഗരസഭയിലാണ് കുറവ്. 67.09 പേരാണ് ഇവിടെ സമ്മതിദാനാവകാശം ഉപയോഗിച്ചത്. മറ്റു നഗരസഭകളിലെ പോളിംഗ് ശതമാനം ഇങ്ങനെ- ഷൊർണൂർ- 75.61, ഒറ്റപ്പാലം- 74.47, പട്ടാമ്പി- 77.94, ചെർപ്പുളമേശ്ശരി- 80.06, മണ്ണാർക്കാട്- 75.28. 

മന്ത്രി എ.കെ.ബാലൻ പാലക്കാട് നഗരസഭയിലെ പറക്കുന്നം സ്‌കൂളിൽ വോട്ട് ചെയ്തു. ക്യൂവിൽ നിന്നാണ് അദ്ദേഹം സമ്മതിദാനാവകാശം ഉപയോഗിച്ചത്. കോവിഡ് ബാധിച്ച് ചികിൽസയിലുള്ള മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ വോട്ട് ബുധനാഴ്ച തന്നെ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു. പെരുമാട്ടി പഞ്ചായത്തിലാണ് അദ്ദേഹത്തിന്റെ വോട്ട്. വി.െക.ശ്രീകണ്ഠൻ എം.പി ഷൊർണൂർ നഗരസഭയിലെ ചുടുവാലത്തൂർ പെൻഷൻ ഭവനിൽ വോട്ട് ചെയ്തു. രമ്യ ഹരിദാസ് എം.പിക്ക് കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരാണ് വോട്ട്. എഴുത്തുകാരായ മുണ്ടൂർ സേതുമാധവൻ പാലക്കാട് ലയൺസ് സ്‌കൂളിലും ആഷാ മേനോൻ ആലത്തൂർ യോഗിനിമാതാ ഹൈസ്‌കൂളിലും പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി എത്തന്നൂർ ജി.യു.പി സ്‌കൂളിലും വോട്ടു ചെയ്തു. മുൻമഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണന് ആരോഗ്യപ്രശ്‌നങ്ങൾ മൂലം വോട്ട് ചെയ്യാനായില്ല.
ജില്ലയിൽ കോവിഡ് പോസിറ്റീവ് ആയവരും നിരീക്ഷണത്തിലുള്ളവരുമായ 8866 പേർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിച്ചിട്ടുണ്ട്. ഡിസംബർ ഒന്ന് മുതൽ ഒമ്പത് വൈകീട്ട് മൂന്നു വരെ പോസിറ്റീവ് ആയവരുടേയും നിരീക്ഷണത്തി ലുള്ളവരുടേയും അപേക്ഷ പരിഗണിച്ചാണ് തപാൽ ബാലറ്റ് അനുവദിച്ചത്.


 

Latest News