Sorry, you need to enable JavaScript to visit this website.

സവർണ സംവരണ വിഷയത്തിൽ  ലീഗിന് ഇരട്ടത്താപ്പ് -എസ്.ഡി.പി.ഐ

കണ്ണൂർ - ദേശീയപൗരത്വ വിരുദ്ധ പ്രക്ഷോഭം ഇനിയും ഉയരുന്നത് തടയാനാണ് കേന്ദ്ര ഏജൻസികളെ കൊണ്ട് നേതാക്കളെ വേട്ടയാടുന്നതെന്ന് എസ്.ഡി.പി. ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ വിരുദ്ധ സമരത്തെ സഹായിച്ചുവെന്നതിന്റെ പേരിലാണ് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയത്. സാമ്പത്തിക സഹായം നൽകിയെന്നോ അനധികൃതമായി പണം എക്കൗണ്ടുകളിൽ എത്തി എന്നോ ഇ.ഡി പറഞ്ഞിട്ടില്ല. പൗരത്വ പ്രക്ഷോഭങ്ങളുടെ പിതൃത്വം പോപ്പുലർ ഫ്രണ്ടിന്റെ തലയിൽ കെട്ടിവെക്കുന്നത് ബി.ജെ.പി ചെയ്യുന്ന മണ്ടത്തരമാണ്-  ഫൈസി പറഞ്ഞു.


കേരളത്തിൽ സവർണ സംവരണ വിഷയത്തിൽ മുസ്‌ലിം ലീഗ് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. നിലവിലെ സംവരണ സംവിധാനം തന്നെ അട്ടിമറിക്കുന്ന വിധത്തിലാണ് സവർണ സംവരണം സർക്കാർ നടപ്പാക്കിയത്. ഇതു സംബന്ധിച്ച് സുപ്രീം കോടതിയിലെ കേസിന്റെ വിധിക്കു പോലും കാത്തിരിക്കാതെയാണ് ഇടതു സർക്കാർ ഇത് നടപ്പാക്കിയത്. രാജ്യത്തെ ബി.ജെ.പി സർക്കാരുകൾ നടപ്പാക്കും മുമ്പേയാണിത് ഇവിടെ നടപ്പാക്കിയത്. ഇത് ന്യൂനപക്ഷ വിഭാഗങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്- ഫൈസി പറഞ്ഞു.
കേരള പോലീസിൽ സംഘപരിവാർ അജണ്ടയാണ് പലപ്പോഴും നടപ്പാക്കുന്നത്. പോലീസിൽ ആർ.എസ്.എസ് സെൽ പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞത് മുൻ ആഭ്യന്തര മന്ത്രിയും സി.പി.എം നേതാവുമായ കോടിയേരി ബാലകൃഷ്ണനാണ്. പാലത്തായി കേസ് അട്ടിമറിച്ചത് ഇത്തരം സെല്ലുകളുണ്ടെന്നതിന് തെളിവാണ്.  കുറ്റവാളിയായ ആർ.എസ്.എസ് നേതാവിനെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്-   ഫൈസി പറഞ്ഞു.


തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും  ഇരുമുന്നണിയും  കടുത്ത തിരിച്ചടി നേരിടും. എസ്.ഡി.പി.ഐ കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ സീറ്റു നേടും. 2000 ലധികം വാർഡുകളിലാണ് പാർട്ടി തനിച്ച് മത്സരിക്കുന്നത്. എസ്.ഡി.പി.ഐയ്ക്ക് ആരുമായും സഖ്യമില്ല. മുസ്‌ലിം ലീഗ്, വെൽഫെയർ പാർട്ടി തുടങ്ങിയവയുമായി സഖ്യം ആഗ്രഹിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ കാസർകോട്ടെ പുത്തിഗൈ പഞ്ചായത്തിലടക്കം ലീഗ്  ബി.ജെ.പി ധാരണ നിലവിലുണ്ടെന്നും അബ്ദുൽ മജീദ് ഫൈസി ആരോപിച്ചു.
നേതാക്കളായ സുഫീറ അലി, എ.സി. ജലാലുദ്ദീൻ, ബഷീർ കണ്ണാടി പറമ്പ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

 

Latest News