വാഷിംഗ്ടണ്‍- ചെറിയ എതിരാളികളെ തകര്‍ക്കാന്‍ കമ്പോളശക്തി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ഫേസ് ബുക്കിനെതിരെ യു.എസ് സര്‍ക്കാരും 48 സ്റ്റേറ്റുകളും ഡിസ്ട്രിക്ടുകളും കേസ് ഫയല്‍ ചെയ്തു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളായ ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയുടെ നിര്‍ബന്ധിത ഏറ്റെടുക്കല്‍ റദ്ദാക്കുന്നതിനും പരിഹാരങ്ങള്‍ തേടുന്നതിനുമാണ് കേസ്.
ഫെഡറല്‍ ട്രേഡ് കമ്മീഷനും (എഫ്ടിസി) ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസുമാണ് സുപ്രധാന കുത്തക വിരുദ്ധ നടപടികള്‍ പ്രഖ്യാപിച്ചത്.
സാങ്കേതിക കുത്തകക്കെതിരെ ഈ വര്‍ഷത്തെ രണ്ടാമത്തെ സര്‍ക്കാര്‍ നടപടിയാണിത്. ഓണ്‍ലൈന്‍ തിരച്ചിലിലും പരസ്യത്തിലും ഗൂഗിളിന്റെ ആധിപത്യം ദുരുപയോഗം ചെയ്തതിന് യു.എസ് നീതിന്യായ വകുപ്പ് ഒക്ടോബറില്‍ ഗൂഗിളിനെതിരെ കേസെടുത്തിരുന്നു.






