കൊണ്ടോട്ടി- സോഷ്യൽ മീഡിയ വഴി പെൺകുട്ടികളെ വശീകരിച്ച് വലയിൽ വീഴ്ത്തി ലൈംഗിക ചൂഷണം നടത്തുന്ന യുവാവ് കൊണ്ടോട്ടി പോലിസിന്റെ പിടിയിൽ.പൊന്നാനി ടി.ബി. ആശുപത്രി ബീച്ചിൽ മാറാപ്പിന്റെകത്ത് വീട്ടിൽ ജാബിർ(21) ആണ് പിടിയിലായത്. 16 വയസ്സുള്ള അച്ഛനില്ലാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാനില്ല എന്നു പറഞ്ഞ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. പ്രതി ജാബിർ ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച പെൺകുട്ടി പ്രതിക്കൊപ്പം പോവുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയതോടെ പോലിസ് പെൺകുട്ടിയുടെ നമ്പറിൽ ബന്ധപ്പെടുകയും കോട്ടക്കലിൽ കണ്ടെത്തുകയും അവിടെ നിന്നും പോലിസ് കൂട്ടിക്കൊണ്ടുപോരുകയുമായിരുന്നു. പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. മലപ്പുറം സൈബർ പോലിസിൻറെ സഹായത്തോടുകൂടി നടത്തിയ നീക്കത്തിനൊടുവിൽ പൊന്നാനി ബീച്ചിൽ വച്ചാണ് പ്രതി പിടിയിലാകുന്നത്. പ്രതിയുടെ ഫോൺ പിടിച്ചെടുത്ത പരിശോധിച്ചതിൽ 12നും17 നും ഇടയിൽ പ്രായമുള്ള നിരവധി പെൺകുട്ടികളുടെ വിലാസവും നഗ്‌നഫോട്ടോസും വീഡിയോസും പോലീസ് കണ്ടെടുത്തു. സോഷ്യൽമീഡിയ വഴി വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഡി.പി ഫോട്ടോകളിലും കൃത്രിമം നടത്തി പെൺകുട്ടികളെ വശീകരിച്ച് നഗനഫോട്ടോകളും കൈക്കലാക്കുകയും ലൈംഗീക പീഡനത്തിനരയാക്കലുമാണ് പ്രതിയുടെ പതിവ്. പെൺകുട്ടികളുടെ സ്വർണാഭരണങ്ങളും പണവും പ്രതി കൈക്കലാക്കിയിട്ടുണ്ട്. തെക്കൻ ജില്ലകളിൽ ഉള്ള നിരവധി 12 മുതൽ 18 വയസ്സുള്ള പെൺകുട്ടികളെ ഇയാൾ വലവീശി സൗഹൃദത്തിലാക്കി. വിവിധ സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളിൽ തിരഞ്ഞ് ഡി.പിയിലെ ചിത്രങ്ങളിട്ട പെൺകുട്ടികളെ പ്രത്യേകം നോക്കിയാണ് ഇയാൾ സൗഹൃദം തേടുന്നത്.പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൊണ്ടോട്ടി സി.ഐ കെ.എം ബിജു,എസ്.ഐ വിനോദ് വലിയാട്ടൂർ, സതീഷ് നാഥ്, അബ്ദുൾ അസീസ്, മുസ്തഫ, രതീഷ്, സ്മിത എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.