രാഹുലിന്റെ മനസ്സില്‍ കെ.സി. വേണുഗോപാല്‍; തടയിടാനൊരുങ്ങി നേതാക്കള്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് നിര്‍ദേശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ക്ക് തടയിടാനൊരുങ്ങി മുതിര്‍ന്ന നേതാക്കള്‍.

രാഹുല്‍ ഗന്ധിയുടെ അടുത്തയാളായി അറിയപ്പെടുന്ന ജനറല്‍ സെക്രട്ടറി വേണുഗോപാലിനെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ രാഹുല്‍ ശ്രമിക്കുന്നതായി മറ്റു നേതാക്കള്‍ സംശയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ആലോചിക്കാന്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചൊവ്വാഴ്ച  യോഗം ചേര്‍ന്നിരുന്നു.  പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന്റെ മനസ്സില്‍ ആരാണുള്ളതെന്നറിയാന്‍ കാത്തുനില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍.
പാര്‍ട്ടിയില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് കുപ്രസിദ്ധമായ കത്ത് എഴുതിയ 23 നേതാക്കളുടെ (ജി 23) സംഘവും സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

പ്രോക്‌സി കാന്‍ഡിഡേറ്റിനെ കൊണ്ടുവരാനുള്ള ശ്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. അങ്ങനെ ചെയ്താല്‍, അസംതൃപ്തരായ ഗ്രൂപ്പിന് ഈ നീക്കത്തെ വെല്ലുവിളിക്കാം. എന്നാല്‍, ഉന്നത തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ മുന്നോട്ടുവന്നാല്‍ ഒരു വെല്ലുവിളിയുമുണ്ടാകില്ല.  അതേസമയം,  ഒന്നോ അതിലധികമോ പ്രോക്‌സി കാന്‍ഡിഡേറ്റുകള്‍ മുന്നോട്ട് വന്നാല്‍  മത്സരം നടക്കുമെങ്കിലും മറ്റുള്ളവര്‍ക്ക് കീഴടങ്ങേണ്ടി വരുമെന്നും പരിഷ്‌കാരങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന നേതാക്കള്‍ പറയുന്നു.

പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലംപരിശായ ശേഷം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചപ്പോള്‍, ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്. ഒടുവില്‍ സോണിയ ഗാന്ധി താല്‍ക്കാലിക പ്രസിഡന്റായി 2019 ഓഗസ്റ്റില്‍ ചുമതലയേല്‍ക്കുകയായിരുന്നു.

 

Latest News