ലണ്ടന്‍- രണ്ടു പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ ഗുരുതര അലര്‍ജി പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രണ്ട്് എന്‍.എച്ച്.എസ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അലര്‍ജി റിയാക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പൊതുവായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോടെക്കും സംയുക്തമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ കഴിഞ്ഞ ദിവസമാണ് യു.കെയില്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയത്.
കാര്യമായ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളുണ്ടാകുന്നവര്‍ ശ്രദ്ധിക്കമണെന്നാണ് നിര്‍ദേശം.
എന്‍.എച്ച്.എസ് ജീവനക്കാരില്‍ രണ്ടുപേരും അഡ്രിനാലിന്‍ ഓട്ടോഇന്‍ജക്ടറുകള്‍ ഉപയോഗിക്കുന്നവരായതിനാല്‍ മുമ്പും അലര്‍ജി പ്രശ്‌നങ്ങളുള്ളവരാണെന്ന് തെളിയിക്കുന്നു. അണ്ടിപ്പരിപ്പ് കഴിക്കുമ്പോള്‍ ഉണ്ടാകുന്നതു പോലുള്ള അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ എപിപെന്‍ പോലെ അറിയപ്പെടുന്ന ബ്രാന്‍ഡ് ഉപകരണങ്ങള്‍ ഇത്തരക്കാര്‍ ഉപയോഗിക്കാറുണ്ട്.
വാക്‌സിനിലെ ഏതെങ്കിലും പദാര്‍ഥം അലര്‍ജിയുണ്ടാക്കുമെന്ന് സംശയിക്കുന്നവര്‍ക്ക് ഫൈസര്‍ / ബയോടെക് വാക്‌സിന്‍ നല്‍കരുതെന്ന് വാക്‌സിനോടൊപ്പമുള്ള ലഘുലേഖയില്‍ പറയുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് അലര്‍ജി പ്രശ്‌നങ്ങളുള്ള എന്‍.എച്ച്.എസ് ജീവനക്കാരെ കുത്തിവെപ്പിനു തെരഞ്ഞെടുത്തുവെന്നത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ചര്‍മത്തിലെ ചൊറിച്ചില്‍, ശ്വാസം മുട്ടല്‍, മുഖം അല്ലെങ്കില്‍ നാവ് വീക്കം എന്നിവ അലര്‍ജി പ്രതിപ്രവര്‍ത്തനത്തിന്റെ ലക്ഷണങ്ങളില്‍ ഫൈസര്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്‍.എച്ച്.എസ് ജീവനക്കാരെ കുറിച്ചും പ്രതിരോധ കുത്തിവെപ്പ് നല്‍കിയ ആശുപത്രികളെ കുറിച്ചുമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് സംഭവങ്ങളും സ്ഥിരീകരിച്ച എച്ച്എസ് ഇംഗ്ലണ്ട് അലര്‍ജി റിയാക് ഷന്‍ ചരിത്രമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
പുതിയ വാക്‌സിനുകളില്‍ സ്വീകരിക്കാറുള്ളതു പോലെ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളുടെ ചരിത്രമുള്ള ആളുകള്‍ മുന്‍കരുതലെടുക്കണമെന്നും വാക്‌സിന്‍ സ്വീകരിക്കരുതെന്നും ഇംഗ്ലണ്ടിലെ എന്‍.എച്ച്.എസിന്റെ ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സ്റ്റീഫന്‍ പവിസ് പറഞ്ഞു.






